പൂർണിയ എം പി പപ്പു യാദവ് അറസ്റ്റിൽ; നടപടി 31 വർഷം പഴക്കമുള്ള കേസിൽ

പട്ന: ബിഹാറിലെ പൂർണിയ എം പി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് അറസ്റ്റിൽ. 31 വർഷം പഴക്കമുള്ള വ്യാജ രേഖ ചമയ്ക്കൽ കേസിലാണ് അറസ്റ്റ്. 1995ൽ ഗാർഡാനിബാഗിൽ രജിസ്റ്റർ ചെയ്ത വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തന്റെ വീട് വഞ്ചനാപരമായി വാടകയ്ക്കെടുത്ത് എം പി ഓഫീസ് ആക്കി മാറ്റിയെന്ന വിനോദ് ബിഹാരി ലാൽ എന്ന വ്യക്തിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി പട്നയിലെ വസതിയിൽ വെച്ചാണ് പപ്പു യാദവ് അറസ്റ്റിലായത്. എംപി/എംഎൽഎ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യാൻ പൊലീസ് സിവിൽ വസ്ത്രം ധരിച്ചെത്തിയത് തന്നെ വധിക്കാനാണെന്ന് പപ്പു യാദവ് പറഞ്ഞു. പപ്പു യാദവിന്റെ അനുയായികളും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് പപ്പു യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
ഹോസ്റ്റലിലെ പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിലേക്ക് തള്ളിവിടുന്ന റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് പപ്പു യാദവിനെതിരെ കടുത്ത ആരോപണങ്ങൾ സമീപകാലത്ത് ഉയർന്നിരുന്നു. ഈ കേസിൽ സംസ്ഥാന മന്ത്രിയോ മകനോ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് റാബ്രി ദേവി ആരോപിച്ചിരുന്നു. ഇതിനെതിരെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി രംഗത്തെത്തിയിരുന്നു.
എന്നാൽ സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടുമ്പോഴെല്ലാം പൊലീസ് തന്നെ വേട്ടയാടുകയാണെന്നാണ് പപ്പു യാദവ് മറുപടി പറഞ്ഞത്. വിദ്യാർഥിനിയുടെ മരണത്തിൽ നീതിക്കായി പോരാടുന്നതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഈ കേസിലെ അന്വേഷണം സംസ്ഥാന സർക്കാർ അടുത്തിടെ സിബിഐക്ക് കൈമാറി.
1991 മുതൽ 2024 വരെ ആറ് തവണ അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആർജെഡി, എസ്പി, എൽജെപി തുടങ്ങിയ പാർടികളെ പ്രതിനിധീകരിച്ചും സ്വതന്ത്രനായും വിജയിച്ചിട്ടുണ്ട്.










0 comments