ആദായനികുതി ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി
ആദായ നികുതി ബില്ലിന്റെ പരിഷ്‌കരിച്ച രൂപം ലോക്‌സഭ പാസാക്കി. 1961ലെ ആദായനികുതി നിയമത്തിന് പകരമുള്ള പുതിയ ബിൽ ഫെബ്രുവരിയിൽ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. കാതലായ ചില പരിഷ്‌കാരങ്ങൾ വരുത്താനുണ്ടെന്ന് പറഞ്ഞ് ഇൗ ബിൽ കേന്ദ്രസർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച പിൻവലിച്ചു. സെലക്ട് കമ്മിറ്റിയുടെ 285 ശുപാർശകളിൽ പറയുന്ന നിരവധി മാറ്റങ്ങൾ വരുത്തി. ഇതിനുശേഷം ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്‌ച ബിൽ വീണ്ടും അവതരിപ്പിച്ചു. ‘ആദായനികുതി നമ്പർ (2) ബിൽ, 2025’ എന്നാണ് പരിഷ്‌കരിച്ച ബില്ലിന്റെ പേര്.
നികുതിദായകർക്ക് മുൻവർഷത്തെ നഷ്ടം തുടർവർഷത്തിൽ തട്ടിക്കിഴിച്ച് നികുതിബാധ്യത കുറയ്ക്കാൻ അവസരമൊരുക്കുക, മനഃപൂർവമല്ലാത്ത വീഴ്‌ചകൾക്ക് ചുമത്തിയ പിഴകൾ ഒഴിവാക്കുക, ‘നിൽ’ ടിഡിഎസ് സർട്ടിഫിക്കറ്റ് വേഗത്തിൽ അനുവദിക്കുക, ചെറിയ തുക നികുതി അടയ്‌ക്കുന്നവർക്ക് കാലതാമസത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പിഴത്തുക മടക്കിനൽകുക, നിഷ്‌ക്രിയാസ്‌തികളുടെ (എൻപിഎ) നിർവചനത്തിൽ വ്യക്തത വരുത്തുക, അജ്ഞാത സംഭാവനകൾ കൈപ്പറ്റുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളെയും മത–ജീവകാരുണ്യ ട്രസ്റ്റുകളെയും നികുതിഇളവുകൾക്ക് യോഗ്യരാക്കുക, ഏകീകൃത പെൻഷൻ പദ്ധതി വരിക്കാർക്ക് ഇളവുകൾ നൽകുക, കമ്യൂട്ടഡ് പെൻഷന് നികുതി ഇളവ് അനുവദിക്കുക, ഒരു കമ്പനിക്ക് മറ്റൊരു കമ്പനിയുടെ ഓഹരികളിൽ നിന്നുള്ള ലാഭവിഹിതം പുനഃസ്ഥാപിക്കുക തുടങ്ങിയ ശുപാർശകളിൽ ഭൂരിഭാഗവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.









0 comments