ad
Deshabhimani

സമൂഹമാധ്യമ അക്ക‍ൗണ്ടും 
പരിശോധിക്കാം; ഹാക്കുംചെയ്യാം ; പുതിയ ആദായനികുതി ബില്ലിന്‌ പാർലമെന്റിന്റെ അംഗീകാരം

Income Tax Bill 2025
വെബ് ഡെസ്ക്

Published on Aug 13, 2025, 03:02 AM | 1 min read


ന്യൂഡൽഹി

നികുതി വെട്ടിപ്പ്‌ അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളുടെ ഇ- മെയിലും സമൂഹമാധ്യമ അക്ക‍ൗണ്ടുകളുമടക്കം പരിശോധനിക്കാൻ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ അധികാരം നൽകുന്ന വിവാദ വ്യവസ്ഥ പാർലമെന്റ്‌ ചൊവ്വാഴ്‌ച പാസാക്കിയ പരിഷ്‌ക്കരിച്ച ആദായനികുതി ബില്ലിലും സർക്കാർ ഉൾപ്പെടുത്തി. ബിഹാർ വോട്ടർപട്ടിക ക്രമക്കേട്‌, വോട്ട്‌ തട്ടിപ്പ്‌ തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ച്‌ വാക്ക‍ൗട്ട്‌ നടത്തിയ പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ്‌ രാജ്യസഭയിൽ ബിൽ പാസാക്കിയത്‌. തിങ്കളാഴ്‌ച ലോക്‌സഭയിലും ചർച്ച കൂടാതെ പാസാക്കി. ഇതോടെ ബില്ലിന്‌ പാർലമെന്റിന്റെ അംഗീകാരമായി.


ആദായനികുതി നിയമത്തിലെ 132–ാം വകുപ്പിൽ കൊണ്ടുവന്ന ഭേദഗതികളോടെയാണ്‌ അത്യാധ‍ൂനിക സാങ്കേതിക വിദ്യകളടക്കം പ്രയോഗിക്കാനുള്ള അധികാരം നൽകിയത്‌. തിരച്ചിൽ പ്രവർത്തനങ്ങൾക്ക്‌ ഫോറൻസിക്ക്‌ ഉദ്യോഗസ്ഥരെ വിന്യസിക്കാനുമാകും. തിരച്ചിൽ, പിടിച്ചെടുക്കൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഇ മെയിലുകളും സമൂഹമാധ്യമ അക്ക‍ൗണ്ടുകളും പരിശോധിക്കാം. ക്ല‍ൗഡ്‌ സ്‌റ്റോറേജും മറ്റ്‌ ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ശേഖരിച്ച വിവരങ്ങളും പരിശോധിക്കാം. പഴയ ആദായനികുതി നിയമത്തിൽ ഇത്തരം അധികാരം ഉദ്യോഗസ്ഥർക്കുണ്ടായിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി സമൂഹമാധ്യമ അക്ക‍ൗണ്ടുകളുടെയും മറ്റും പാസ്‌വേർഡുകൾ കൈമാറാൻ ആരോപിതനായ വ്യക്തി തയ്യാറാകുന്നില്ലെങ്കിൽ ഹാക്ക്‌ ചെയ്‌ത്‌ പ്രവേശിക്കാനും അധികാരമുണ്ട്‌. ഡിജിറ്റൽ വാലറ്റുകളും ക്രിപ്‌റ്റോകറൻസി പോലുള്ള ഡിജിറ്റൽ ആസ്‌തി അക്ക‍ൗണ്ടുകളിലേക്കും ഉദ്യോഗസ്ഥർക്ക്‌ അനുമതി കൂടാതെ പ്രവേശിക്കാം. സാമ്പത്തിക ഇടപാടുകളിൽ സാങ്കേതികതയുടെ ഉപയോഗം വർധിച്ചുവരുന്ന പശ്‌ചാത്തലത്തിലാണ്‌ പുതിയ അധികാരമെന്നാണ്‌ സർക്കാരിന്റെ അവകാശവാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home