ad
Deshabhimani

അധ്യാപകൻ നിരന്തരമായി ലൈംഗികമായി ഉപദ്രവിച്ചു; ഹിമാചലിൽ മരിച്ച കോളേജ് വിദ്യാർഥിനിയുടെ വീഡിയോ

ragging
വെബ് ഡെസ്ക്

Published on Jan 03, 2026, 10:32 AM | 1 min read

ധർമ്മശാല: ക്യാമ്പസിനുള്ളിൽ ലൈംഗിക പീഡനത്തിനും റാഗിംങ്ങിനും ഇരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങൾ. അധ്യാപകൻ നിരന്തരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പറയുന്ന വീഡിയോ പുറത്തുവന്നു. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലെ ഗവൺമെന്റ് കോളേജ് വിദ്യാർഥിനിയായ 19കാരിയാണ് ലൈംഗിക പീഡനത്തിനും റാ​ഗിങ്ങിനും ശാരീരികമായ ആക്രമണങ്ങൾക്കും ഇരയായി ചികിത്സയിലിരിക്കെ ഡിസംബർ 26ന് മരിച്ചത്.


പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. 2025 സെപ്തംബർ 18ന് സീനിയർ വിദ്യാർഥിനികളായ ഹർഷിത, ആകൃതി, കൊമോളിക എന്നിവർ പെൺകുട്ടിയെ ആക്രമിക്കുകയും തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കോളേജിലെ പ്രൊഫസറായ അശോക് കുമാർ ലൈം​ഗികമായി പീഡിപ്പിച്ചതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.


മർദ്ദനത്തെയും പീഡനത്തെയും തുടർന്ന് ഒന്നിലധികം ആശുപത്രികളിൽ പെൺകുട്ടിയുമായി കുടുംബം ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (ഡിഎംസി) മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. ആക്രമണത്തെത്തുടർന്ന് പെൺകുട്ടി കടുത്ത മാനസിക ആഘാതത്തിലായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.


ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഹിമാചൽ പ്രദേശ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ (റാഗിംഗ് നിരോധനം) നിയമം, 2009 എന്നിവയിലെ വകുപ്പുകൾ പ്രകാരം മൂന്ന് വിദ്യാർഥികൾക്കെതിരെ റാഗിങ് കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രൊഫസറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home