വായു മലിനീകരണത്തിൽ വലഞ്ഞ് രാജ്യതലസ്ഥാനം; ഇടപെടൽ ആവശ്യപ്പെട്ട് 'വാരിയർ മോംസ്' രംഗത്ത്

ന്യൂഡൽഹി: രാജ്യതലസ്ഥാനം വായു മലിനീകരണത്തിൽ വലയുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ശുദ്ധവായുവിനായുള്ള പോരാട്ടത്തിനായി രൂപം കൊണ്ട അമ്മമാരുടെ സംഘടനയായ 'വാരിയർ മോംസ്'രംഗത്ത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന ആരോഗ്യമന്ത്രാലയത്തിനു കത്ത് നൽകി.
ഡൽഹിയിൽ 15 ശതമാനം മരണങ്ങളുടെയും കാരണം വായുമലിനീകരണമാണെന്ന് യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാല്യുവേഷന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഡൽഹിയിൽ ഏഴിൽ ഒരാൾക്ക് ജീവൻ നഷ്‌ടമാകുന്നത് വായുമലിനീകരണം മൂലമാണ്. 2023ൽ വായുമലിനീകരണം 17,188 പേരുടെ ജീവനെടുത്തു. നാലുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും മോശം വായു ഗുണനിലവാര സൂചിക (എക്യുഐ) ആണ് ഒക്‌ടോബറിലേത്. സ്വിസ് കന്പനിയായ ഐക്യു എയറിന്റെ റിപ്പോർട്ടനുസരിച്ച് ഏഴ് വർഷമായി ലോകത്തിൽ വായുമലിനീകരണം ഏറ്റവും രൂക്ഷമായ നഗരമാണ് ഡൽഹി.
കൃത്രിമ മഴ പെയ്യിച്ച് മലിനീകരണം കുറയ്‌ക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കവും പാളി. ഡൽഹിയിൽ ക്ലൗഡ് സീഡിങ് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. ശൈത്യകാലം ക്ലൗഡ് സീഡിങ്ങിന് അനുയോജ്യമല്ലെന്ന് ഡൽഹി ഐഐടിയും പറഞ്ഞിരുന്നു.
എന്നാൽ, കൃത്രിമ മഴയിലൂടെ സ്ഥിതിയിൽ മാറ്റമുണ്ടാക്കുമെന്നായിരുന്നു ഡൽഹിയിലെ ബിജെപി സർക്കാരിന്റെ അവകാശവാദം.










0 comments