തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 കാരൻ മരിച്ചു; മൂന്ന് കുട്ടികൾ ആശുപത്രിയിൽ

ചാമ്പ: തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെയുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 15 വയസുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഘുർകോട്ട് ഗ്രാമത്തിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ കുട്ടികൾക്കാണ് തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ അസ്വസ്ഥതകളുണ്ടായത്.
പോഡി ഡൽഹ സ്വദേശിയായ അഖിലേഷ് ധീവർ (15) ആണ് മരണപ്പെട്ടത്. ശ്രീ ധീവർ (4), പിന്റു ധീവർ (12), ഹിതേഷ് ധീവർ (13) എന്നിവരാണ് ചികിത്സയിലുള്ള കുട്ടികൾ. ഛത്തീസ്ഗഡിലെ ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് കുട്ടികൾ വീട്ടിലുണ്ടായിരുന്ന തണ്ണിമത്തൻ കഴിച്ചത്. മണിക്കൂറുകൾക്ക് ശേഷം അഖിലേഷിന് ഛർദ്ദിയും വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ മറ്റ് കുട്ടികൾക്കും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തിങ്കളാഴ്ചയോടെ നില വഷളായതിനെ തുടർന്ന് ഇവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലേഷ് അതിനോടകം മരണപ്പെട്ടിരുന്നു.
രാവിലെ മുറിച്ചുവെച്ച തണ്ണിമത്തൻ മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടികൾ കഴിച്ചതെന്നും, പഴകിയതു മൂലമുണ്ടായ വിഷാംശമാണോ അതോ മറ്റ് കാരണങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ലെന്നും മെഡിക്കൽ സംഘം അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. കൃത്യമായ കാരണം ഫോറൻസിക് പരിശോധനയ്ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബ് റിപ്പോർട്ടിനും ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.











0 comments