ad
Deshabhimani

ചുമമരുന്നിൽ ലഹരി, റാഞ്ചിയിൽ വിറ്റഴിച്ചത് 37 ലക്ഷം കുപ്പി

cough
വെബ് ഡെസ്ക്

Published on Nov 23, 2025, 12:30 PM | 1 min read

ലക്നൗ: ഉത്തർ പ്രദേശിൽ ചുമമരുന്നിൽ ലഹരി പതയുന്നു. ഗാസിയാബാദിൽ കഫ് സിറപ്പ് കൊണ്ടുപോകുന്ന ട്രക്ക് പിടിച്ചെടുത്തതിന് പിന്നാലെ പുറത്ത് വന്നത് വൻ റാക്കറ്റ്. വർഷങ്ങളായി തുടരുന്ന കെമിക്കൽ ലഹരിയുടെ പിന്നിലെ വൻ ശൃംഖലയെ കുറിച്ച് സൂചനകൾ പുറത്തായി.


 കൊഡീൻ അടങ്ങിയ ചുമ സിറപ്പിന്റെ വൻതോതിലുള്ള അനധികൃത വ്യാപാരമാണ് പുറത്ത് വന്നിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിലേക്ക് വിതരണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ഉത്പാദകരെ കുറിച്ച് പൊലീസ് അറിയിപ്പുകൾ ഒന്നുമില്ല. തുടർ നടപടികൾക്ക് മൂന്നംഗ സംഘം രൂപീകരിച്ചതായാണ് വിശദീകരണം.


റാഞ്ചി ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ നിന്ന് മാത്രം യുപിയിലെ നിരവധി ജില്ലകളിലേക്ക് മരുന്ന് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്നും മരുന്ന് കടത്തി.


ഏകദേശം 57 കോടി രൂപ വിലമതിക്കുന്ന 37 ലക്ഷത്തിലധികം കൊഡീൻ സിറപ്പ് കുപ്പികൾ ഒരു ഡസനിലധികം മെഡിക്കൽ സ്റ്റോറുകൾ വഴി വിറ്റതായി ഡ്രഗ്ഗ്സ് ഡിപാർട്മെന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജരേഖകൾ ചമച്ചാണ് ഇവയുടെ വിതരണവും വില്പനയും.


ഡ്രഗ് ഇൻസ്‌പെക്ടർ രജത് കുമാർ പാണ്ഡെയുടെ പരാതിയിൽ ഇതിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി റാഞ്ചി പോലീസ് സൂപ്രണ്ട് (നഗരം) ആയുഷ് ശ്രീവാസ്തവ പറഞ്ഞു. 12 മെഡിക്കൽ സ്റ്റോർ ഉടമകൾക്കും മറ്റ് രണ്ട് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.


ഗാസിയാബാദിൽ സിറപ്പ് കൊണ്ടുപോകുന്ന ഒരു ട്രക്ക് പിടിച്ചെടുത്തതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ആദ്യം ഇടപെട്ടത്. എഫ്‌എസ്‌ഡി‌എ (ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) യുപി നവംബർ 12 മുതൽ 19 വരെ ഒരാഴ്ച നീണ്ടുനിന്ന ഡ്രൈവ് നടത്തി. ബില്ലിംഗിലും രേഖകളിലും വലിയ തോതിലുള്ള കൃത്രിമത്വം കണ്ടെത്തി. ഇതോടെയാണ് ചുമമരുന്ന് റാക്കറ്റിനെ കുറിച്ചുള്ള സൂചനകൾ പുറത്തായത്.


കൂടുതൽ അന്വേഷണത്തിനായി പോലീസ് സൂപ്രണ്ട് (എസ്പി) കൗസ്തുഭ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home