അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയില്‍ എറിയും: തേജസ്വി

ന്യൂഡൽഹി: ബിഹാറിൽ അധികാരത്തിലെത്തിയാൽ വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ‘ബിൽ മുസ്ലിങ്ങൾക്ക് ഗുണകരമാകുമെന്ന് വ്യാജ പ്രചാരണം നടത്തി പരാജയപ്പെടുകയാണ് നിതീഷ് കുമാറും ജെഡിയുവും.
മുസ്ലിം നേതാക്കളെ ഭീഷണിപ്പെടുത്തി വാർത്താസമ്മേളനങ്ങൾ നടത്തുകയാണ്. ആർജെഡി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ബിൽ മുസ്ലിങ്ങൾക്ക് നേരെയാണെങ്കിൽ അടുത്തത് ക്രിസ്ത്യാനികൾക്കും സിഖുകൾക്കും എതിരെയായിരിക്കും’–- തേജസ്വി യാദവ് പറഞ്ഞു.
വഖഫ് ബിൽ പാസായശേഷം ബിഹാറിൽ എൻഡിഎയും സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയുവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബില്ലിൽ ജെഡിയു നിർദേശിച്ച ഭേദഗതികൾ അംഗീകരിച്ചതിനെ തുടർന്നാണ് പാർലമെന്റിൽ ബില്ലിനെ പിന്തുണച്ചതെന്ന് ജെഡിയു ഉന്നയിക്കുന്ന വാദം.
ഒക്ടോബർ –- നവംബർ മാസങ്ങളിലെ തെരഞ്ഞെടുപ്പിനെ വഖഫ് ഭേദഗതി നിയമം ബാധിക്കുമെന്നാണ് ജെഡിയുവിൽ ഉയരുന്ന ആശങ്ക. വഖഫ് ബില്ലിനെ പിന്തുണച്ച ജെഡിയു നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കളുൾപ്പെടെ അഞ്ചുപേർ പാർടിയിൽനിന്ന് രാജിവച്ചിരുന്നു. കേന്ദ്രമന്ത്രി ചിരാഗ് പസ്വാനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.









0 comments