print edition വേട്ട തുടർന്നാൽ പ്രക്ഷോഭം: സിജെപി

ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുവജനങ്ങളെയും വിദ്യാർഥികളെയും കേന്ദ്രസർക്കാർ വേട്ടയാടുന്നത് തുടർന്നാൽ വലിയ പ്രക്ഷോഭങ്ങൾക്ക് വീണ്ടും തുടക്കം കുറിക്കുമെന്ന മുന്നറിയിപ്പുമായി സിജെപി. സിജെപി സ്ഥാപക നേതാവ് അഭിജീത് ദീപ്‌കെ സമൂഹമാധ്യമം വഴിയാണ് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.
വിദ്യാർഥികൾക്ക് എതിരായ എഫ്‌ഐആറുകൾ ഉടൻ റദ്ദാക്കിയില്ലെങ്കിൽ വലിയ പ്രക്ഷോഭം ഉണ്ടാകുമെന്ന് സിജെപി വക്താവ് സൗരവ്‌ദാസും പ്രതികരിച്ചു. വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കേന്ദ്രസർക്കാർ നേരത്തെ നൽകിയ ഉറപ്പിന് വിരുദ്ധമാണെന്നും സൗരവ് ചൂണ്ടിക്കാട്ടി. ശനിയാഴ്‌ച്ച പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ സർക്കാർ നിരവധി ഉറപ്പ് നൽകി.
വിദ്യാർഥികൾക്ക് എതിരായ എഫ്‌ഐആറുമായി മുന്നോട്ടുപോകില്ലെന്നാണ് അതിലൊന്ന്. എന്നാൽ, സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലെ നാലാമത്തെ നിർദേശം എഫ്‌ഐആറുകളുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസ് ഇൗ നിർദേശം വിദ്യാർഥികൾക്ക് എതിരെ ആയുധമാക്കാൻ സാധ്യതയുണ്ടെന്നും സൗരവ് ദാസ് പറഞ്ഞു.
യുവജന പ്രക്ഷോഭം അവസാനിച്ചതിന് പിന്നാലെ ബിജെപി സർക്കാരുകളുള്ള പശ്‌ചിമബംഗാൾ, ബിഹാർ, അസം സംസ്ഥാനങ്ങളിൽ വിദ്യാർഥികളെയും യുവജനങ്ങളെയും ഉന്നമിട്ട് വലിയ വേട്ടയാടലുകൾ തുടങ്ങി.
യുവജന പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചുള്ള വേട്ടയാടൽ തുടർന്നാൽ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സിജെപി നേതാക്കൾ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
ചൊവ്വാഴ്‌ച്ച ഐഷിഘോഷിനെ അറസ്‌റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കങ്ങൾ നടത്തി. വിദ്യാർഥികൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സൂചനയാണ് ഇത്തരം നടപടികൾ. ഇൗ സാഹചര്യത്തിലാണ്, വീണ്ടും പ്രക്ഷോഭമെന്ന മുന്നറിയിപ്പുമായി സിജെപി രംഗത്തെത്തിയത്.










0 comments