print edition ഹൈദരാബാദിലെ ‘ട്രംപ് റോഡ്’; രേവന്ത് റെഡ്ഡിക്ക് വ്യാപക വിമർശം

ന്യൂഡൽഹി: ഹൈദരാബാദിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിലുള്ള റോഡ് ഉദ്‌ഘാടനം ചെയ്യാനൊരുങ്ങുന്ന കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യാപക വിമർശം.
അമേരിക്ക മൂന്ന് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തിയതിനുപിന്നാലെ, തെലങ്കാനയിലെ കോൺഗ്രസ് മനഃസാക്ഷിക്കുത്തില്ലാതെ ട്രംപിന്റെ പേരിടുന്നതിനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അപലപിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തര ഇടപെടൽ നടത്തി നടപടി പിൻവലിപ്പിക്കണമെന്നും എം എ ബേബി എക്‌സിൽ ആവശ്യപ്പെട്ടു.
വിയറ്റ്‌നാമിൽ അമേരിക്കൻ കടന്നാക്രമണം മൂർച്ഛിച്ച ഘട്ടത്തിൽ കൊൽക്കത്തയിൽ യുഎസ് കോൺസുലേറ്റിന് പുറത്തുള്ള ഹാരിങ്‌ടൺ സ്‌ട്രീറ്റിന് സാമ്രാജ്യത്വവിരുദ്ധ പോരാളിയായ ഹോചിമിന്റെ പേരിട്ട ചരിത്രവും (ഹോചിമിൻ സരണി) അദ്ദേഹം ഓർമിപ്പിച്ചു.
സൈബറാബാദിൽ യുഎസ് കോൺസുലേറ്റിന് അടുത്തുള്ള റോഡിനാണ് ഡോണൾഡ് ട്രംപ് അവന്യുവെന്ന് പേരിടുന്നത്. 23നാണ് ഉദ്ഘാടനം. തെലങ്കാനയും അമേരിക്കൻ സർക്കാരും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡിന് ട്രംപിന്റെ പേരിടുന്നതെന്നാണ് അവകാശവാദം. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാറുള്ള വ്യക്തിയാണ് താനെന്ന് രേവന്ത് റെഡ്ഡി മുമ്പ് വെളിപ്പെടുത്തിയിരുന്നു.











0 comments