ദുൽഖർ സൽമാൻ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർക്കെതിരെ പീഡനക്കേസ്

ഹൈദരാബാദ്: തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ കാസ്റ്റിംഗ് ഡയറക്ടർക്കെതിരെ ഗുരുതരമായ പീഡന, ഭീഷണി ആരോപണങ്ങളുമായി പ്രശസ്ത നടി രംഗത്ത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പണം നൽകാതെ പറ്റിച്ചെന്നും, കാറിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് നടിയുടെ പരാതി. സംഭവത്തിൽ ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പൊലീസ് കാസ്റ്റിംഗ് ഡയറക്ടറായ പ്രസാദിനെതിരെ കേസെടുത്തു.
കഴിഞ്ഞ 15 വർഷമായി തെലുങ്ക് സിനിമാ വ്യവസായത്തിൽ ലീഡ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന നടിയാണ് പരാതിക്കാരി. പവൻ സാദിനേനി സംവിധാനം ചെയ്ത് ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ആകാശം ലോ ഒക താര' (Akasham Lo Oka Tara) എന്ന പുതിയ ചിത്രത്തിലേക്ക് അഭിനയിക്കാൻ 2025 ഒക്ടോബറിലാണ് പ്രസാദ് നടിയെ സമീപിക്കുന്നത്. ഒക്ടോബർ 21 മുതൽ ഡിസംബർ 9 വരെ നടി ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. പ്രതിഫലമായി 90,000 രൂപയും കാബ് ചെലവുകൾക്കായി 38,000 രൂപയും നൽകാമെന്നായിരുന്നു കരാർ.
എന്നാൽ സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും പ്രസാദ് പണം നൽകാൻ തയ്യാറായില്ല. പണം ചോദിച്ചപ്പോൾ പലതവണ ഒഴിഞ്ഞുമാറിയ പ്രതി, കഴിഞ്ഞ ഫെബ്രുവരി 18-ന് ബഞ്ചാര ഹിൽസിലെ സാഗർ സൊസൈറ്റിക്ക് സമീപം വരാൻ നടിയോട് ആവശ്യപ്പെടുകയായിരുന്നു. അവിടെവെച്ച് പണം നൽകുന്നതിന് പകരം നടിയെ ഭീഷണിപ്പെടുത്തുകയും ബലമായി കാറിലേക്ക് കയറ്റി മോശമായി പെരുമാറുകയും ചെയ്തു. അനുസരിച്ചാൽ സിനിമകളിൽ കൂടുതൽ വലിയ അവസരങ്ങൾ നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും നടി പരാതിയിൽ പറയുന്നു. അവിടെനിന്ന് നടി ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് നടിയുടെ അമ്മ പണം ആവശ്യപ്പെട്ട് പ്രസാദിനെ ബന്ധപ്പെട്ടപ്പോൾ ഇയാൾ അസഭ്യവർഷം നടത്തുകയും, താൻ മുൻപും പല സ്ത്രീകളോടും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ഇതിലൂടെ മൂന്ന് കോടിയോളം രൂപ സമ്പാദിച്ചിട്ടുണ്ടെന്നും പൊലീസിന് തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും വെല്ലുവിളിച്ചു. കേസുമായി മുന്നോട്ട് പോയാൽ നടിയെയും അമ്മയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75, 79, 351(2) വകുപ്പുകൾ പ്രകാരമാണ് ബഞ്ചാര ഹിൽസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ സബ് ഇൻസ്പെക്ടർ കെ. വിജയിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments