കോൺഗ്രസിന് വൻ തിരിച്ചടി; രാജ്യസഭാ സ്ഥാനാർഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തരിച്ചടി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാസീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജൻ നൽകിയ നാമനിർദേശപത്രിക വരണാധികാരി തള്ളി. സത്യവാങ്ങ്‌മൂലത്തിൽ ക്രിമിനൽ കേസിന്റെ വിശദാംശങ്ങൾ മറച്ചുവെച്ചെന്ന് ബിജെപി ആരോപണത്തിന് പിന്നാലെയാണ് പത്രിക തള്ളിയത്. ഇതോടെ ബിജെപിയുടെ മഹേഷ് കേവാത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.
കർണാടക സ്വദേശിനിയായ മീനാക്ഷി സോണിയാഗാന്ധിയുമായും രാഹുൽഗാന്ധിയുമായും അടുത്തബന്ധമുള്ള നേതാവാണ്. യൂത്ത്‌കോൺഗ്രസ് മുൻ അധ്യക്ഷയായിരുന്നു. മുതിർന്ന നേതാവായ ദിഗ്‌വിജയ്‌സിങ്ങിനെ തഴഞ്ഞ് മീനാക്ഷിയെ സ്ഥാനാർഥിയാക്കുന്നതിൽ മധ്യപ്രദേശ് കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുകൾ ഉണ്ടായി. സിങ്ങിന് പകരം മീനാക്ഷിയെ സ്ഥാനാർഥിയാക്കിയാൽ ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് മുതിർന്ന നേതാവായ നരേഷ് ഗ്യാൻചന്ദാനി പ്രതികരിച്ചു. സംസ്ഥാന നേതൃത്വവുമായി ആവശ്യത്തിന് കൂടിആലോചനകൾ നടത്താതെ മീനാക്ഷിയെ സ്ഥാനാർഥിയാക്കിയത് ഉചിതമായില്ലെന്ന് ഗ്യാൻചന്ദാനി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. തിങ്കളാഴ്‌ച്ച മീനാക്ഷി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ഗ്യാൻചന്ദാനി പാർടിയിൽ നിന്നും രാജിവെച്ചു.
ഇതോടെ, രണ്ട് സീറ്റുകൾ ജയിക്കാൻ മാത്രം സാധ്യതയുള്ള ബിജെപി മൂന്നാമത്തെ സീറ്റിലേക്കും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ, കോൺഗ്രസ് എംഎൽഎമാരെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു.









0 comments