ജമ്മു കശ്‍മീരിൽ നേതാക്കളെ വീട്ടുതടങ്കലിലാക്കി

വീടിന്റെ ഗേറ്റുകള്‍ പൊലീസ് പൂട്ടിയിട്ട ചിത്രം തരിഗാമി സമൂഹമാധ്യമത്തില്‍ പങ്കുവച്ചപ്പോള്‍
ശ്രീനഗര്‍
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‍മീരിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി അടക്കമുള്ള എംഎൽഎമാരെയും നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങിയ പാര്‍ടികളിലെ നേതാക്കളെയും വീട്ടുതടങ്കലിലാക്കി. കശ്‍മീര്‍ രക്തസാക്ഷിദിനത്തിലാണ് ലെഫ്. ഗവര്‍ണറുടെ നേതൃത്വത്തിലുള്ള നീക്കം.
എംഎൽഎമാരുടെയും നേതാക്കളുടെയും വീടുകള്‍ പുറത്തുനിന്ന് പൂട്ടി പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ശ്രീനഗറിലെ പ്രധാന പാലങ്ങള്‍ അടച്ചു. ശവകുടീരം സന്ദര്‍ശിക്കുന്നത് വിലക്കി. ജൂലൈ 13 കൂട്ടക്കൊല തങ്ങളുടെ ജാലിയൻവാലാബാഗ് ആണെന്നും രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കുന്നത് തടഞ്ഞത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
ജനാധിപത്യം പുനഃസ്ഥാപിക്കാനായി പോരാടി മരിച്ചവരെ അനുസ്‌മരിക്കാൻ അനുവദിക്കുന്നില്ലെന്ന് തരിഗാമി സാമൂഹ്യമാധ്യമത്തിൽ പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങൾ ചവുട്ടിമെതിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം പ്രതികരിച്ചു. വീട്ടുതടങ്കലിലാക്കിയതായി മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി, പീപ്പിള്‍ കോൺഫറൻസ് നേതാവ് സജാദ് ഗനി ലോൺ, ഹുറിയത്ത് കോൺഫറൻസ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് തുടങ്ങിയവരും പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്ത് മഹാരാജ ഹരിസിങ്ങിനെതിരെ പ്രതിഷേധിച്ചതിന് 22 പേരെ 1931 ജൂലൈ 13ന് ദോഗ്ര സൈന്യം കൂട്ടക്കൊലചെയ്തതിന്റെ വാര്‍ഷികമാണ് രക്തസാക്ഷിദിനമായി കശ്‍മീരിൽ ആചരിക്കുന്നത്.നഖ്ഷ്‍ബന്ദ് സാഹിബിലെ ശവകുടീരത്തിൽ ഫറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കള്‍ക്ക് ആദരമര്‍പ്പിക്കാൻ നാഷണൽ കോൺഫറൻസ് നൽകിയ അപേക്ഷ ശ്രീനഗര്‍ ജില്ലാ മജിസ്ട്രേറ്റ് ശനിയാഴ്ച തള്ളിയിരുന്നു. ജമ്മു കശ്‍മീര്‍ സംസ്ഥാനമായിരിക്കെ ജൂലൈ 13 ഔദ്യോഗിക അവധിയായിരുന്നു. മോദി സര്‍ക്കാര്‍ കേന്ദ്രഭരണപ്രദേശമായി വിഭജിച്ചതോടെ ഇതെടുത്തുകളഞ്ഞു.








0 comments