ad
Deshabhimani

35 സെക്കൻഡിൽ 10 തവണ ചവിട്ടി; രോഗിയെ ക്രൂരമായി ഉപദ്രവിച്ച് ആശുപത്രി ജീവനക്കാരി; സസ്പെൻഷൻ

UP

ജീവനക്കാരി രോ​ഗിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ

വെബ് ഡെസ്ക്

Published on Jul 01, 2026, 02:31 PM | 1 min read

റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് നേരെ ജീവനക്കാരിയുടെ ക്രൂരമർദനം. ആശുപത്രിയിലെ സ്വീപ്പറായ പിങ്കി എന്ന ജീവനക്കാരിയാണ് രോഗിയെ ക്രൂരമായി ചവിട്ടുകയും തെറിവിളിക്കുകയും ചെയ്തത്. വെറും 35 സെക്കൻഡിനുള്ളിൽ പത്തോളം തവണയാണ് ഇവർ രോഗിയെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുന്നത്.


സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ജീവനക്കാരിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നിർദേശത്തെത്തുടർന്നാണ് ആശുപത്രി അധികൃതർ ജീവനക്കാരിക്കെതിരെ അടിയന്തര അച്ചടക്ക നടപടിയെടുത്തത്.


സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രിയിലെ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ. ദിനേഷ് പ്രതാപ് സരോജ്, മൈക്രോബയോളജിസ്റ്റ് ഡോ. റിച്ച, സിസ്റ്റർ മാട്രൺ സുഷമ യാദവ് എന്നിവരടങ്ങുന്ന സമിതി നിശ്ചിത സമയത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. തികച്ചും ക്രൂരമായ പെരുമാറ്റമാണ് ജീവനക്കാരിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. പുഷ്പേന്ദ്ര കുമാർ വ്യക്തമാക്കി.


രോഗികളോട് മോശമായി പെരുമാറുന്നതും മാനുഷിക പരിഗണന നൽകാത്തതുമായ ഇത്തരം സംഭവങ്ങൾ യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാനത്തെ മുഴുവൻ ചീഫ് മെഡിക്കൽ ഓഫീസർമാർക്കും അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് കർശന നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home