ad
Deshabhimani

പ്രണയിച്ചതിന് 19 കാരിയെ കൊലപ്പെടുത്തി അച്ഛൻ; തടയാൻ ശ്രമിച്ച അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു

Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 15, 2026, 07:28 PM | 1 min read

ആഗ്ര: പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 19 വയസ്സുകാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയെയും ഇയാൾ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ഫിറോസാബാദിലെ നീൽകണ്ഠ് കോളനിയിൽ ഞായറാഴ്ച വൈകുന്നേരമാണ് ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ പ്രതിയായ രാകേഷ് റാത്തോറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച മൂർച്ചയേറിയ ആയുധം കണ്ടെടുത്തു.


കുറച്ചു ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി പ്രദേശത്തെ ഒരു യുവാവിനൊപ്പം വീടുവിട്ടിറങ്ങിയിരുന്നു. ഇത് കുടുംബത്തിന് വലിയ അപമാനമുണ്ടാക്കിയെന്ന് ആരോപിച്ചാണ് പ്രതി മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ മകളെ മാരകമായി വെട്ടിവീഴ്ത്തുകയായിരുന്നു. ഇതുകണ്ട് തടയാൻ ചെന്ന ഭാര്യയുടെ തലയ്ക്കാണ് പ്രതി വെട്ടിയത്.


വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും പെൺകുട്ടി മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മയെ ഉടൻ തന്നെ ട്രോമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഫിറോസാബാദ് റൂറൽ പൊലീസ് സൂപ്രണ്ട് അനുജ് ചൗധരി അറിയിച്ചു.


ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മകളുടെ പ്രണയബന്ധത്തിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) (കൊലപാതകം), 109(1) (കൊലപാതക ശ്രമം) എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home