ജെഎൻയു: ഇടത്– അംബേദ്‌ക്കറേറ്റ് സഖ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖിക
Published on Apr 19, 2025, 09:11 PM | 1 min read
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുപക്ഷ പാനൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ബിർസ അംബേദ്‌ക്കർ ഫുലേ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ബാപ്‌സ), പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (പിഎസ്‌എ) സഖ്യം ഇടത്- അംബേദ്‌ക്കറേറ്റ് പാനലിൽ എബിവിപിക്കെതിരെ മത്സരിക്കും.
ജമ്മു കശ്മീരിൽ നിന്നുള്ള ആദിവാസി മുസ്ലിം വിഭാഗത്തിൽ നിന്നുള്ള പിഎച്ച്‌ഡി വിദ്യാർഥിനിയായ എസ്‌എഫ്‌ഐയുടെ ചൗധരി തയ്യിബ അഹമ്മദാണ് പ്രസിഡന്റ് സ്ഥാനാർഥി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സന്തോഷ് കുമാർ (എഐഎസ്‌എഫ്), ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി രാംനിവാസ് ഗുർജർ (ബാപ്‌സ), ജോയിന്റ് സെക്രട്ടറിയായി നിഗം കുമാരി (പിഎസ്‌എ) എന്നിവർ മത്സരിക്കും. രാജസ്ഥാനിൽ നിന്നും കേന്ദ്ര സർക്കാരിന്റെ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ ഇരയായി പുറത്തുവന്ന് ജെഎൻയു വിദ്യാർഥിയായ അജയ് പാൽ സ്കൂൾ ഓഫ് ലാംഗേജിൽ എസ്‌എഫ്‌ഐയുടെ കൗൺസിലർ സ്ഥാനാർഥിയായി മത്സരിക്കും.
ഐസ– ഡിഎസ്‌എഫ് സഖ്യവും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫീസിലേയ്ക്ക് എബിവിപി പ്രവർത്തകർ അതിക്രമം നടത്തിയിരുന്നു. ഓഫീസറെയും വിദ്യാർഥികളെയും സംഘം ഭീഷണിപ്പെടുത്തി. തുടർന്ന് സ്ഥാനാർഥി പട്ടിക പുറത്തുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവച്ചിരുന്നു. സ്വതന്ത്ര തെരഞ്ഞെടുപ്പ് സംവിധാനത്തിന് നേരെയുള്ള എബിവിപി അതിക്രമത്തെ എസ്‌എഫ്‌ഐ അപലപിച്ചു.









0 comments