യുജിസി ആദ്യം ഇന്ത്യൻ ജ്ഞാന വ്യവസ്ഥയെ മനസിലാക്കണം; കരട് പാഠ്യപദ്ധതിക്കെതിരെ വിമർശനവുമായി റോമില ഥാപ്പർ

Romila Thapar
വെബ് ഡെസ്ക്

Published on Sep 25, 2025, 12:50 PM | 2 min read

ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) പഠന ഫലങ്ങൾ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി ചട്ടക്കൂടിനെതിരെ നിശിത വിമർശനവുമായി പ്രമുഖ ചരിത്രകാരിയായ പ്രൊഫസർ റോമില ഥാപ്പർ. എൽഒസിഎഫ്  (Learning Outcomes-based Curriculum Framework -LOCF) കരട് നിർദ്ദേശങ്ങൾ സർവകലാശാലകളുടെ സ്വയംഭരണത്തിനും, അക്കാദമിക് നിലവാരത്തിനും, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ സമഗ്രതയ്ക്കും ഗുരുതരമാം വിധം എതിരായ സമീപനം ഉൾക്കൊള്ളുന്നതാണെന്ന് അവർ മുന്നറിയിപ്പ് നൽകി.


സിലബസ് രൂപകൽപ്പന ചെയ്യുന്നതിനും എന്താണ് പഠിപ്പിക്കേണ്ടതെന്ന് നിർണ്ണയിക്കുന്നതിനുമുള്ള അധികാരം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കല്ല. അക്കാദമിക സ്വാതന്ത്ര്യമുള്ള സർവകലാശാലകൾക്കായിരിക്കണമെന്ന് ഥാപ്പർ പറഞ്ഞു. പാഠ്യപദ്ധതി തീരുമാനങ്ങൾക്ക് പ്രത്യേകവും കാലികവുമായ അക്കാദമിക് വൈദഗ്ദ്ധ്യം ആവശ്യമാണെന്ന് അവർ ഓർമ്മപ്പെടുത്തി. അത് ഭരണാധികാരികൾക്കും രാഷ്ട്രീയക്കാർക്കും പങ്കുവെക്കുന്ന കരട് നിർദ്ദേശത്തിൽ ആശങ്ക രേഖപ്പെടുത്തി.


നിർദ്ദിഷ്ട ചട്ടക്കൂട് വിദ്യാഭ്യാസത്തെ ചോദ്യോത്തര ഫോർമാറ്റുകളിലേക്ക് ചുരുക്കുന്നതാണ്. വിമർശനാത്മക ചിന്തയെ അടിച്ചമർത്തുന്നതും വിശകലന ഇടപെടലിനെ നിരുത്സാഹപ്പെടുത്തുന്നതുമാണ് നിർദ്ദേശങ്ങൾ. വിമർശനാത്മകമായ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും ബൗദ്ധിക സംവാദങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ നിയന്ത്രിക്കുന്ന സമീപനമാണ്. ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെ അടിസ്ഥാനപരമായി മാറ്റുമെന്ന് അവർ മുന്നറിയിപ്പ് നൽകി.


ഇന്ത്യൻ വിജ്ഞാനവ്യവസ്ഥയെ മനസിലാക്കുന്നതിനോ എന്താണെന്ന് നിർവചിക്കുന്നതിനോ യുജിസി ചട്ടക്കൂട് പൂർണ്ണമായും പരാജയപ്പെട്ടതായും വിലയിരുത്തി.


ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയെ ഒരു മതത്തിൽ മാത്രം ഒതുക്കി നിർത്താനുള്ള ശ്രമം ചരിത്രത്തെ തമസ്കരിക്കലാണെന്നും അഭിപ്രായപ്പെട്ടു. "ചില ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ രചിക്കപ്പെട്ടതാണെങ്കിൽ പോലും, എ ഡി ഒന്നാം സഹസ്രാബ്ദത്തിലും രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലും ഇന്ത്യ, പശ്ചിമേഷ്യ, മധ്യേഷ്യ, ചൈന എന്നിവിടങ്ങളിൽ പ്രോട്ടോ-സയൻസിനെക്കുറിച്ചുള്ള ആശയങ്ങളുടെ ഗണ്യമായ കൈമാറ്റം നടന്നിരുന്നു. ഈ ആശയങ്ങൾക്ക് ഭൂമിശാസ്ത്രപരമായ അതിർത്തിയോ മതപരമായ ഉത്ഭവമോ നൽകാനാവില്ല,"


പുരാതന ഇന്ത്യൻ ചിന്തയുടെ പ്രതിനിധി കൃതിയായി ഇപ്പോഴും കൗടില്യന്റെ അർത്ഥശാസ്ത്രം പോലുള്ള ഗ്രന്ഥങ്ങളെയാണ് വ്യാപകമായി യുജിസി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, ബൗദ്ധിക സന്ദർഭങ്ങൾ പരിഗണിക്കാതെ അത്തരം ഗ്രന്ഥങ്ങൾ രൂപപ്പെടുത്തിയ കാലത്തെ വീണ്ടും അവതരിപ്പിക്കാൻ ശ്രമിക്കയാണ്.


ഇതുവഴി നിർദ്ദിഷ്ട ചട്ടക്കൂട്, വിദ്യാർത്ഥികളെ നിർണായക ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുപകരം, ചോദ്യോത്തര ഫോർമാറ്റുകളിൽ മാത്രം ഒതുക്കി നിർത്താൻ ശ്രമിക്കുന്നു. ഇങ്ങനെ ഉന്നത വിദ്യാഭ്യാസത്തെ മനഃപാഠ പഠനത്തിലേക്ക് ചുരുക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണമെന്നും അവർ മുന്നറിയിപ്പ് നൽകി.


ഥാപ്പറുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ റിപ്പോർട്ട് ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും യുജിസിക്കും ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ട്.


കരട് ചർച്ചകൾക്ക് ശേഷം കേരളം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും യുജിസിക്കും സമർപ്പിച്ച ഔപചാരിക പ്രതികരണത്തിന്റെ ഭാഗമാണ് പ്രൊഫ. ഥാപ്പറിന്റെ വിമർശനം. കരട് രേഖ പഠിക്കാൻ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ച പ്രഭാത് പട്നായിക് അധ്യക്ഷനായ വിദഗ്ദ്ധ സമിതിയിൽ അവർ പ്രത്യേക ക്ഷണിതാവായിരുന്നു.


കാവിവൽക്കരണ ശ്രമങ്ങളുടെ തുടർച്ചയായി യുജിസി ചട്ടക്കൂട് പരിഷ്കരണം മാറിയത് നേരത്തെ നിശിത വിമർശനങ്ങൾക്ക് കാരണായിരുന്നു. രസതന്ത്രത്തെക്കുറിച്ചുള്ള പഠനത്തിൽ LOCF ( (Learning Outcomes-based Curriculum Framework) സരസ്വതിയെ അഭിവാദ്യം ചെയ്തുകൊണ്ട് ആരംഭിക്കാൻ നിർദ്ദേശിക്കുന്നു. കൊമേഴ്‌സ് പാഠ്യപദ്ധതി കോളേജുകളോട് കൗടില്യന്റെ അർത്ഥശാസ്ത്രം പഠിപ്പിക്കാൻ നിർദ്ദേശിക്കുന്നു.


വി ഡി സവർക്കറുടെ ഇന്ത്യൻ സ്വാതന്ത്ര്യസമരം 'സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയ സമരം' എന്ന കോഴ്‌സിന്റെ പട്ടികയിൽ തിരുകിക്കയറ്റി. രാമരാജ്യം’ പോലുള്ള ആശയങ്ങളെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) യുടെയും സമകാലീന പരിസ്ഥിതി, സാമൂഹിക, ഭരണ (ESG) ചട്ടക്കൂടുകളുടെയും പഠന ഭാഗമായി നിർദ്ദേശിച്ചു.



 

 



deshabhimani section

Related News

View More
0 comments
Sort by

Home