നിലവിട്ട് ഹിമന്ത ബിസ്വ സർമ
print edition ബിജെപിയുടെ മുസ്ലിം വിദ്വേഷം ; കോൺഗ്രസിന് മൗനം

ന്യൂഡൽഹി
അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പരാമർശങ്ങൾ നിരന്തരം തുടർന്നിട്ടും പ്രതികരിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം. ഹിമന്തയുടെ പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനോ പ്രതിഷേധിക്കാനോ കോൺഗ്രസ് തയ്യാറായിട്ടില്ല. സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ ഹിമന്തയ്‌ക്കെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്‌തു.
‘അസമിലെ അഞ്ചുലക്ഷം മിയ മുസ്ലിങ്ങളെ വോട്ടർപ്പട്ടികയിൽനിന്ന് നീക്കുമെന്നും അവർക്കെതിരെ ഞാനും ബിജെപിയും പോരാടുകയാണെന്നും’ ഹിമന്ത പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നു. ഹിമന്ത മുസ്ലിങ്ങളെ വെടിവയ്‌ക്കുന്ന രീതിയിലുള്ള എഐ വീഡിയോ ‘തോക്കിൻ മുനയിൽ’ എന്ന തലക്കെട്ടോടെ ബിജെപിയുടെ അസം ഘടകം എക്‌സിൽ പോസ്‌റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഇതൊന്നും ചോദ്യംചെയ്യാൻ കോൺഗ്രസിന് ധൈര്യമില്ല.
പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടരുന്ന ഘട്ടത്തിൽ വിഷയം ഉന്നയിക്കാനും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് തയ്യാറായിട്ടില്ല. അസമിലെ കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ്‌ക്കും കുടുംബത്തിനുമെതിരെ പാകിസ്ഥാൻ ബന്ധമുൾപ്പെടെ ഹിമന്ത ആരോപിച്ചു. ഗൗരവുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസും ഹിമന്ത നൽകി. എന്നിട്ടും കോൺഗ്രസ് നേതൃത്വം മൗനത്തിലാണ്. ആർഎസ്‌എസ് നേതാക്കളെ കടത്തിവെട്ടുന്ന വർഗീയ– വിദ്വേഷ പ്രസംഗങ്ങളും നടപടികളും സ്വീകരിക്കുന്ന ഹിമന്ത കോൺഗ്രസ് മന്ത്രിയായിരിക്കെയാണ് ബിജെപിയിൽ ചേക്കേറിയത്.
ഉത്തരാഖണ്ഡിൽ മുസ്ലിം വയോധികന്റെ കടയടപ്പിക്കുന്നത് ചോദ്യംചെയ്ത ദീപക്കിനും കുടുംബത്തിനുംനേരെ തീവ്രഹിന്ദുത്വവാദികളുടെ അധിക്ഷേപവും ആക്രമണവും ഉണ്ടായപ്പോൾ സമൂഹമാധ്യമത്തിലൂടെ അപലപിച്ചതിൽ ഒതുങ്ങി കോൺഗ്രസ് ഇടപെടൽ. ആർഎസ്‌എസിന്റെ വർഗീയ വിദ്വേഷ പ്രവർത്തനങ്ങളെ നിഷ്‌ക്രിയരായി നോക്കിനിന്ന ചരിത്രമാണ് കോൺഗ്രസിനുള്ളത്. ബാബ്‌റി മസ്‌ജിദ് തകർത്തപ്പോഴും കോൺഗ്രസ് കൈയ്യുംകെട്ടി നോക്കി നിന്നു. ഉത്തരേന്ത്യയിൽ ന്യൂനപക്ഷ വേട്ടയ്‌ക്ക് ബിജെപി ആയുധമാക്കിയ ബുൾഡോസർ രാജ് കർണാടകത്തിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കി. പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മയുടെ കെട്ടുറപ്പിനെ വെല്ലുവിളിക്കുന്ന നടപടികളിലൂടെ വിവിധ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ സഹായിക്കാനും കോൺഗ്രസ് മടിച്ചിട്ടില്ല.










0 comments