ad
Deshabhimani

ഹിമാചലിലേക്കുള്ള വാഹനങ്ങളുടെ പ്രവേശന നികുതി വർധന; പഞ്ചാബിൽ പ്രതിഷേധം ശക്തം

HP Vehicle

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 25, 2026, 11:46 AM | 1 min read

ചണ്ഡിഗഡ്: ഹിമാചൽ പ്രദേശ് സർക്കാർ ഏപ്രിൽ 1 മുതൽ വാഹനങ്ങളുടെ പ്രവേശന നികുതി കുത്തനെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് അയൽസംസ്ഥാനമായ പഞ്ചാബുമായി കടുത്ത രാഷ്ട്രീയ തർക്കത്തിന് വഴിതെളിച്ചു. എഎപി നേതൃത്വം നൽകുന്ന പഞ്ചാബ് സർക്കാരും ഹിമാചലിലെ കോൺഗ്രസ് സർക്കാരും തമ്മിൽ ഈ വിഷയത്തിൽ ഭിന്നത രൂക്ഷമാണ്.


ഹിമാചലിന്റെ നീക്കത്തിന് മറുപടിയായി അവിടെ നിന്നുള്ള വാണിജ്യ വാഹനങ്ങൾക്ക് തിരിച്ച് പ്രവേശന നികുതി ഏർപ്പെടുത്തുമെന്ന് പഞ്ചാബ് അറിയിച്ചു. നികുതി വർദ്ധനവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ കാറുകളുടെ പ്രവേശന നികുതി 70 രൂപയിൽ നിന്ന് 170 രൂപയായി ഉയർത്താനാണ് ഹിമാചൽ ആദ്യം ലക്ഷ്യമിട്ടത്. സംസ്ഥാനത്തെ ആറ് പ്രധാന പ്രവേശന കവാടങ്ങളിൽ വിവിധ വിഭാഗം വാഹനങ്ങൾക്കും ഇത്തരത്തിൽ നികുതി വർദ്ധിപ്പിച്ചിരുന്നു.


എന്നാൽ പഞ്ചാബിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മർദ്ദത്തെത്തുടർന്ന് തീരുമാനം പുനഃപരിശോധിക്കാൻ ഹിമാചൽ സർക്കാർ നിർബന്ധിതരായി. ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നുമായി വിഷയം സംസാരിച്ചതായും നികുതി വർദ്ധനവിൽ അവലോകനം നടത്തുമെന്നും ഹിമാചൽ വ്യവസായ മന്ത്രി ഹർഷവർദ്ധൻ ചൗഹാൻ അറിയിച്ചു.


അതേസമയം, നികുതി വർദ്ധനവിനെതിരെ പഞ്ചാബിലെ അതിർത്തി മേഖലകളിൽ പ്രതിഷേധം ശക്തമാവുകയാണ്. റോപ്പർ ജില്ലയിലെ ഖനൗലിയിൽ കർഷകരും പ്രാദേശിക നിവാസികളും ചൊവ്വാഴ്ച റോപ്പർ-നലഗഡ് റോഡ് രണ്ട് മണിക്കൂറോളം ഉപരോധിച്ചു.


പ്രവേശന നികുതി വർധന ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ, അല്ലാത്തപക്ഷം ഏപ്രിൽ ഒന്ന് മുതൽ അന്തർ സംസ്ഥാന ഗതാഗതം തടയുമെന്ന് മുന്നറിയിപ്പ് നൽകി. നികുതി വർദ്ധനവ് പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്.


ഉയർന്ന പ്രവേശന നികുതി ചെറുകിട വ്യാപാരികളെയും ദിവസേന യാത്ര ചെയ്യുന്നവരെയും ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരെയും പ്രതികൂലമായി ബാധിക്കുമെന്ന് അതിർത്തിയുടെ ഇരുവശത്തുമുള്ള ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങൾക്കിടയിലുള്ള സുഗമമായ ഗതാഗതത്തെ ഈ നീക്കം തടസ്സപ്പെടുത്തുമെന്നാണ് ഇവരുടെ പരാതി. നിലവിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home