Deshabhimani

തളർവാതം ബാധിച്ച 85കാരിക്ക് രക്ഷകരായി വ്യോമസേന; 9000 അടി ഉയരത്തിൽ സാഹസിക ദൗത്യം

IFA Himachal
വെബ് ഡെസ്ക്

Published on Feb 02, 2026, 09:39 AM | 1 min read

ഷിംല: അതിശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡ് മാർഗ്ഗം ബന്ധം വേർപെട്ട ഹിമാചൽ പ്രദേശിലെ ഉൾഗ്രാമത്തിൽ നിന്നും തളർവാതം ബാധിച്ച 85-കാരിയെ സാഹസികമായി രക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ഹിമാചലിലെ ധന്ദേർവാരി എന്ന ഗ്രാമത്തിൽ നിന്നാണ് വയോധികയെ വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്ററിൽ ചണ്ഡിഗഡിലെ ആശുപത്രിയിൽ എത്തിച്ചത്.


റോഡുകളെല്ലാം മഞ്ഞു വീണ് അടഞ്ഞതോടെ ചണ്ഡിഗഡിലെ ആശുപത്രിയിലെത്തിക്കാൻ മറ്റ് മാർഗ്ഗമില്ലാതായ സാഹചര്യത്തിലാണ് വ്യോമസേനയുടെ സഹായം തേടിയത്. സമുദ്രനിരപ്പിൽ നിന്ന് 9000 അടി ഉയരത്തിലുള്ള ധന്ദേർവാരി എന്ന കുഗ്രാമത്തിൽ നിന്നുമാണ് വയോധികയെ വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്ററിൽ സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്തത്.



മഞ്ഞുവീഴ്ചയും മോശം കാഴ്ചപരിധിയും വെല്ലുവിളിയായിരുന്നു. അതീവ ജാഗ്രതയോടെയാണ് സേന ദൗത്യം പൂർത്തിയാക്കിയത്. സ്ട്രെച്ചറിൽ ഹെലികോപ്റ്ററിലേക്ക് വയോധികയെ മാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സമയബന്ധിതമായ ഈ ഇടപെടലിലൂടെ വയോധികയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് വ്യോമസേന അറിയിച്ചു. ഹിമാചലിൽ ഇപ്പോഴും കനത്ത മഞ്ഞുവീഴ്ച തുടരുകയാണെന്നും മോശം കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ദുർഘടമായ സാഹചര്യത്തിലും വയോധികയുടെ ജീവൻ രക്ഷിച്ച വ്യോമസേനയുടെ ധീരതയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home