Deshabhimani

‘റഷ്യയും സോവിയറ്റ് യൂണിയനും എല്ലാക്കാലവും ഇന്ത്യക്കൊപ്പം നിന്നു’; വിദേശകാര്യ മന്ത്രി ജയശങ്കർ

India-Russia
വെബ് ഡെസ്ക്

Published on Oct 04, 2026, 09:39 PM | 1 min read

ന്യൂഡൽഹി : ഇന്ത്യ സുരക്ഷാ ഭീഷണി നേരിട്ടഘട്ടങ്ങളിൽ റഷ്യയും മുൻപ് സോവിയറ്റ് യൂണിയനും ഇന്ത്യക്കൊപ്പം നിന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1950 മുതൽ ഇന്ത്യയും റഷ്യയും തമ്മിൽ അ​ഗാധമായ ബന്ധമാണുള്ളതെന്നും അതൊന്നും മറക്കാനാകില്ലെന്നും ജയശങ്കർ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന മ്യൂണിക് സുരക്ഷാ സമ്മേളനത്തിനിയെടായിരുന്നു ജയശങ്കറിന്റെ പ്രതികരണം.


അയൽരാജ്യത്തെ ഒരു സൈനിക ഭരണകൂടത്തെ ലോകത്തിന്റെ വലിയൊരു വിഭാഗം പിന്തുണച്ചിരുന്ന കാലത്തും റഷ്യ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിന്നുവെന്നും ജയശങ്കർ പറഞ്ഞു. 1971ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ നൽകിയ പിന്തുണയെക്കുറിച്ചായിരുന്നു ആ പരാമർശം.


റഷ്യയുമായുള്ള ബന്ധം പ്രതിരോധ സഹകരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. സൈനിക, ആണവ, ബഹിരാകാശ മേഖലകൾക്കൊപ്പം വ്യാപാരം, നിക്ഷേപം, ഊർജം, വിഭവങ്ങൾ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിലാണ്. റഷ്യ–ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇന്ത്യ കൂടുതലായി ഇടപെടുകയാണെന്നും ജയശങ്കർ വ്യക്തമാക്കി. ഇന്ത്യ കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യയുമായും ഉക്രെയ്നുമായും നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് തുടരുന്ന എല്ലാ യുദ്ധങ്ങളും അവസാനിക്കണമെന്നാണ് ഇന്ത്യ പ്രത്യാശിക്കുന്നതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home