ട്രാൻസ്‌ജെൻഡറെ പീഡിപ്പിച്ച പോക്‌സോക്കേസ് പ്രതി അറസ്‌റ്റിൽ

കൊച്ചി: ട്രാൻസ്‌ജെൻഡറെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി പണംതട്ടുകയും ചെയ്‌ത കേസിൽ പോക്‌സോക്കേസ് പ്രതി അറസ്‌റ്റിൽ. മലപ്പുറം ഒഴൂർ സ്വദേശി മുഹമ്മദ് ഷാഫിലിനെ(21)യാണ് പാലാരിവട്ടം പൊലീസ് താനൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
ജൂണിലാണ് കേസിനാസ്‌പദമായ സംഭവം. സമൂഹമാധ്യമംവഴി പരിചയപ്പെട്ട ട്രാൻസ്‌ജെൻഡർയുവതിയെ പീഡിപ്പിക്കുകയായിരുന്നു. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സ്വന്തം മൊബൈൽഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 1,18,000 രൂപ തട്ടിയെടുത്തു. ഇയാളിൽനിന്ന് പിടിച്ചെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള നഗ്നവീഡിയോകൾ കണ്ടെത്തി.
നിലവിൽ മുഹമ്മദ് ഷാഫിൽ പോക്സോക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു ട്രാൻസ്‌ജെൻഡർമാരെയും യുവതികളെയും സമാനരീതിയിൽ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നിലവിൽ ഒരു പരാതിമാത്രമാണ് ലഭിച്ചിരിക്കുന്നത്. ഭീഷണി ഭയന്നാണ് മറ്റുള്ളവർ പരാതിപ്പെടാൻ തയ്യാറാകാത്തതെന്നാണ് പൊലീസിന്റെ നിഗമനം.








0 comments