മരണവീട്ടിലെ ആളുകൾക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറി, ഒരാൾ മരിച്ചു

കൊയിലാണ്ടി: മരണവീട്ടിൽ കൂട്ടംകൂടി നിന്ന ആളുകൾക്കിടയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. നടേരി തടോളിതാഴ കിടഞ്ഞിയിൽ രാജൻ (59) ആണ് മരിച്ചത്. കൊയിലാണ്ടി നഗരത്തിലെ ചുമട്ടുതൊഴിലാളിയായ പഴങ്കാവിൽ സുരേന്ദ്രന് (56) പരിക്കേറ്റു.
ഞായറാഴ്ച രാവിലെ 7.45ഓടെയായിരുന്നു അപകടം. നടേരി കാവുംവട്ടം മീറങ്ങാട്ട് ബാലകൃഷ്ണൻ നായർ (84) മരിച്ചതിനെ തുടർന്ന് സംസ്കാരചടങ്ങിന് എത്തിയതായിരുന്നു മരിച്ച രാജൻ ഉൾപ്പെടെയുള്ളവർ. വീടിന്റെ ഉമ്മറത്ത് സംസാരിച്ചുനിൽക്കുകയായിരുന്ന ഇവർക്കിടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. വീടിന്റെ ചുവരിനും വാഹനത്തിനും ഇടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം തിങ്കൾ പകൽ 12ന് വീട്ടുവളപ്പിൽ.
പരേതരായ കിടഞ്ഞിയിൽ രാമുണ്ണി നായരുടെയും ചിരുതേയിക്കുട്ടി അമ്മയുടെയും മകനായ രാജൻ ഇലക്ട്രീഷ്യൻ ആണ്. ഭാര്യ: ശ്രീജ. മക്കൾ: ഹിമ രാജ (വിദ്യാർഥിനി വടകര മോഡൽ പോളിടെക്നിക്), ഹിദ രാജ (പ്ലസ് ടു വിദ്യാർഥിനി, കൊയിലാണ്ടി ജിഎച്ച്എസ്എസ്). സഹോദരങ്ങൾ: ദേവിയമ്മ, രാഘവൻ നായർ.








0 comments