Deshabhimani

കനത്ത മഴ; ഇടുക്കിയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് മരം വീണ് ഒരു മരണം

IDUKKI AUTO DEATH

വിജയൻ(53)

വെബ് ഡെസ്ക്

Published on Oct 04, 2026, 10:40 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. ഇടുക്കി ജില്ലയിൽ കനത്ത മഴ ലഭിച്ചു. ശാന്തൻപാറയിൽ ശക്തമായ കാറ്റിൽ ഓട്ടോ റിക്ഷക്ക് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. ശാന്തൻപാറ കോമാട്ടിൽ വിജയൻ(53) ആണ് മരിച്ചത്. ഓട്ടോ റിക്ഷയിൽ യാത്ര ചെയ്തിരുന്ന ശാന്തൻപാറ സ്വദേശി കൃഷ്ണൻ്റെ ഭാര്യ കാളിയമ്മ(39), മകൻ ലവനീത് കൃഷ്ണൻ(13) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.


പൂപ്പാറയിൽ നിന്നും ശാന്തൻപാറയിലേക്ക് വരുന്ന വഴിയിൽ ചന്നക്കട പാലത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മഴയിൽ വഴിയരികിൽ നിന്ന മരം ഒടിഞ്ഞു വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ ഇവരെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിജയൻ മരിച്ചു. തലയ്ക്ക് പരുക്കേറ്റ ലവനീതിനേയും,കാളിയമ്മയേയും തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.


കോന്നിയിൽ ഇടിമിന്നലേറ്റ് യുവതിക്ക് പരിക്കേറ്റു. കൊക്കത്തോട് സ്വദേശി സിന്ധുവിനാണ് മിന്നലേറ്റത്. വീടുകൾക്കും കടകൾക്കും വ്യാപക നാശനഷ്ടമുണ്ടായി.


കോട്ടയത്ത് ഇടിമിന്നലേറ്റ്‌ ആന ചരിഞ്ഞു. പല്ലാട്ട് ബ്രഹ്മദത്തനാണ് ചരിഞ്ഞത്. ഞായറാഴ്ച വൈകിട്ട് 6.30ന് മഴയ്ക്കിടെയുണ്ടായ ഇടിമിന്നലേറ്റാണ് ആന ചരിഞ്ഞത്. കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റായ മേലമ്പാറ രാജേഷ് പല്ലാട്ടിന്റെ ആനയെ സഹോദരൻ സുരേഷിന്റെ പുരയിടത്തിൽ തളച്ചിരിക്കുകയായിരുന്നു. പതിനാറ്‌ വർഷം മുമ്പാണ് ആന മേലമ്പാറ പല്ലാട്ട് തറവാട്ടിൽ എത്തിയത്.


കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആനപ്രേമികളുടെ ഹരമായിരുന്നു 54 വയസുകാരനായ ബ്രഹ്മദത്തൻ. 298 സെന്റീമീറ്റർ ഉയരമുണ്ടായിരുന്നു. അരുണാചല്‍ വനങ്ങളില്‍നിന്നാണ്‌ കൊണ്ടുവന്നത്‌. താപ്പാന ആയിരുന്ന ആനയെ 28 വർഷം മുമ്പ്‌ കേരളത്തിലേക്ക് കൊണ്ടുവരുന്നത് പുതുപ്പള്ളി സ്വദേശി പോത്തൻ വർഗീസാണ്. തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് ബ്രഹ്മദത്തനായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home