ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി നാടിനെ ഇരുട്ടിലാക്കി കോൺഗ്രസുകാരൻ; പ്രതിയെ രക്ഷിക്കാൻ ശ്രമം

പറവൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിൽ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി വൈദ്യുതതടസ്സം സൃഷ്ടിച്ച കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. കെഎസ്ഇബി ഏഴിക്കര സെക്‌ഷൻ അധികൃതരുടെ പരാതിയിൽ സിസിടിവി പരിശോധിച്ചപ്പോഴാണ് കൈതാരം സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. കൈതാരം നോർത്തിലെ ട്രാൻസ്ഫോർമറിൽനിന്നാണ് രാത്രി ഫ്യൂസ് ഊരിയത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇയാൾ കേരളം വിട്ടതായാണ് വിവരം.
ഫ്യൂസ് ഊരുന്നത് സമീപവാസിയായ സ്ത്രീ കണ്ടിരുന്നു. പ്രതിയുടെ വീട്ടിൽ ഒരുതവണ പൊലീസ് ചെന്നെങ്കിലും പിടികൂടാനായില്ല. പറവൂർ സെക്‌ഷന് കീഴിലെ പെരുമ്പടന്ന എട്ടിയോടത്തെയും ഏഴിക്കര സെക്‌ഷന് കീഴിലുള്ള ചാക്കാത്തറ, ആവൂട്ടി ഭാഗങ്ങളിലെയും ട്രാൻസ്ഫോർമറുകളിലെ ഫ്യൂസും സമാനദിവസങ്ങളിൽ ഉൗരിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദത്തെതുടർന്നാണ് പൊലീസ് പ്രതിയെ പിടിക്കാത്തത് എന്ന ആക്ഷേപമാണ് നാട്ടുകാർ ഉയർത്തുന്നത്.
ഫ്യൂസ് ഊരി വൈദ്യുതി മുടക്കുന്നത് സിപിഐ എം പ്രവർത്തകരാണെന്ന് മുഖ്യമന്ത്രിയും കോൺഗ്രസും പ്രചാരണം നടത്തിയിരുന്നു. പ്രതി സ്വന്തം പാർടിക്കാരനാണെന്ന് വ്യക്തമായതോടെ സംരക്ഷിക്കാനുള്ള ശ്രമം മുഖ്യമന്ത്രി തുടങ്ങി. ഇതിന്റെ ഭാഗമായാണ് ഇയാളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താത്തതെന്നും സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ പറഞ്ഞു.








0 comments