Deshabhimani

പ്രകൃതിഭം​ഗി ആസ്വദിക്കാം, ജോലി ചെയ്യാം; ട്രെൻഡായി 'വർക്ക് ഫ്രം ഹിൽസ്'

Work From Hills
വെബ് ഡെസ്ക്

Published on Oct 04, 2026, 09:09 PM | 2 min read

രാവിലെ കണ്ണുതുറക്കുമ്പോൾ ജനലിന് പുറത്ത് പ്രകൃതിഭംഗി നിറഞ്ഞ കാഴ്ച. പതിവ് ട്രാഫിക് തിരക്കുകളില്ല, മണിക്കൂറുകൾ നഷ്ടമില്ല, ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ പ്രകൃതിഭം​ഗിയും, വേഗതയേറിയ വൈഫൈ സൗകര്യവും, കേൾക്കുമ്പോൾ ഒരു അവധിക്കാല യാത്രയാണെന്ന് തോന്നാമെങ്കിലും പറഞ്ഞു വന്നത് പുതിയൊരു തൊഴിൽ സംസ്കാരത്തെ കുറിച്ചാണ് - 'വർക്ക് ഫ്രം ഹിൽസ്' അഥവാ 'വർക്കേഷൻ'. റിലാക്സ് ആയി ജോലി ചെയ്യാം, ഇടക്കോരോ യാത്രയും പോവാമെന്നതാണ് വർക്ക് ഫ്രം ഹിൽസിന് പ്രിയമേറാൻ പ്രധാന കാരണം. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, സിക്കിം എന്നിവിടങ്ങളിലെ ചില ഹോംസ്റ്റേകൾ ഇപ്പോൾ വർക്കേഷൻ താമസസൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നഗരത്തിലൊരു വീട് വാടകയ്ക്കെടുക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് പലയിടത്തും വർക്കേഷൻ സൗകര്യം ലഭിക്കുന്നത്.


ഓഫീസിൽ നിന്ന് മലമുകളിലെ കാഴ്ചകളിലേക്ക്


കോവിഡ് കാലത്ത് വ്യാപകമായ വർക്ക് ഫ്രം ഹോം സംസ്കാരമാണ് ഇത്തരമൊരു പുതിയ ആശയത്തിന് പ്രചോദനമായത്. വർക്കം ഫ്രം ഹോം സംസ്കാരത്തിലൂടെ ഓഫീസിൽ പോകാതെ തന്നെ ജോലി ചെയ്യാൻ കഴിയുമെന്ന് നിരവധി സ്ഥാപനങ്ങളും ജീവനക്കാരും തിരിച്ചറിഞ്ഞു. അതോടെ ഹൈബ്രിഡ് - റിമോട്ട് വർക്ക് രീതികൾ കൂടുതൽ പ്രചാരത്തിലെത്തി.


ജോലി ചെയ്യാൻ ഒരു നിശ്ചിത സ്ഥലം വേണമെന്ന ചിന്ത തന്നെ മാറി. വേ​ഗതയുള്ള വൈഫൈ അല്ലെങ്കിൽ ഇന്റർനെറ്റ് കണക്ഷനും ആവശ്യമായ സാങ്കേതിക സോകര്യങ്ങളുമുണ്ടെങ്കിൽ എവിടെനിന്നും ജോലി ചെയ്യാമെന്ന സാധ്യത പലരേയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

ഇവിടെയാണ് ‘വർക്ക് ഫ്രം ഹിൽസ്’ എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. ജോലിയിൽ നിന്ന് അവധിയെടുത്തുള്ള യാത്രയല്ല ഇത്. ജോലിയും യാത്രയും ഇഷ്ടപ്പെട്ട കാര്യങ്ങളൊക്കെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്ന ജീവിതരീതിയാണ് വർക്കേഷൻ.


വർക്കേഷൻ സൗകര്യം എല്ലാവർക്കും വർക്കാകണമെന്നില്ലെന്ന് ഓർക്കണം. പൂർണമായും റിമോട്ട് അല്ലെങ്കിൽ ഹൈബ്രിഡ് രീതിയിൽ ജോലി ചെയ്യുന്നവർക്ക് ഇത് കൂടുതൽ എളുപ്പത്തിൽ പരീക്ഷിക്കാം. കൂടാതെ, തെരഞ്ഞെടുക്കുന്ന വർക്കേഷൻ സ്ഥലത്തെ ഇന്റർനെറ്റ് കണക്ഷൻ, വൈദ്യുതി, മൊബൈൽ നെറ്റ്‌വർക്ക്, ജോലി ചെയ്യാനുള്ള സൗകര്യം എന്നിവ മുൻകൂട്ടി പരിശോധിക്കണം. അടിയന്തരമായി ഓഫീസുമായി ബന്ധപ്പെടേണ്ട സാഹചര്യമുണ്ടെങ്കിൽ സൗകര്യങ്ങൾ ലഭ്യമാണോ എന്നും ഉറപ്പാക്കേണ്ടതുണ്ട്.


സമാധാനവും സൗകര്യവും കുറഞ്ഞ‍ ചെലവും


ഹിമാചൽ പ്രദേശിൽ ചിലയിടത്ത് പ്രതിമാസം 18,898 രൂപ മുതലുള്ള താമസസൗകര്യം ലഭ്യമാണ്. ഷിംലയിൽ ഒരു വർക്കേഷൻ താമസത്തിന് പ്രതിമാസം 20,574 രൂപ മുതലാണ് തുടങ്ങുന്നത്. വേഗതയേറിയ വൈഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. കാസയിൽ പ്രതിമാസം 25,517 മുതലാണ് നിരക്ക്. ഡാർജിലിങ്ങിൽ 21,400 മുതലും ഗാങ്ടോക്കിൽ ഏകദേശം 20,570 മുതലുമാണ് ചില വർക്കേഷൻ സൗകര്യങ്ങളുടെ നിരക്ക്.


പ്രതിവാര നിരക്കിൽ താമസിക്കാനുള്ള ഓപ്ഷനുകളുമുണ്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലെ ഒരു ഹോംസ്റ്റേയ്ക്ക് ആഴ്ചയിൽ 4,000 രൂപ വരെയാണ് നിരക്ക്. നാല് ആഴ്ച കണക്കാക്കിയാൽ ഏകദേശം 16,000 രൂപ. പൗരിയിൽ താമസത്തിന് 5,500 രൂപ വരെയും കണാതാലിലെ ഒരു ഹോംസ്റ്റേയ്ക്ക് 6,500 വരെയും ആഴ്ചയിൽ നിരക്കുണ്ട്.


ഹിമാചലിലെ ഓൾഡ് മണാലിയിൽ 5,900 രൂപയിൽ ഒരാഴ്ചക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. മണാലിയിലും ധർമശാലയിലും ആഴ്ചയിൽ 6,000–6,500 രൂപ നിരക്കിലുള്ള താമസസൗകര്യങ്ങളും ലഭ്യമാണ്. ഇവിടങ്ങിളിലൊക്കെ ചില പ്രീമിയം ഹോംസ്റ്റേകളുമുണ്ട്. അത്തരം പ്രീമിയം ഹോംസ്റ്റേകൾക്ക് ആഴ്ചയിൽ 10,000 രൂപ മുതൽ 17,500 വരെയൊക്കെ നിരക്കുണ്ട്.


2026 ജൂലൈയിലെ കണക്കുകൾ പ്രകാരം, രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാധാരണ രണ്ട് ബെഡ്റൂമുകളുള്ള ഒരു ഫ്ലാറ്റിന്റെ പ്രതിമാസ വാടക മുംബൈയിൽ 60,000 രൂപയും, ഗുരുഗ്രാമിൽ 35,000 രൂപയും, ബെംഗളൂരുവിൽ 34,000 രൂപയും, ഹൈദരാബാദിൽ 33,000 രുപയുമാണ്. പുണെയിൽ 29,000 രൂപ, ഡൽഹിയിൽ 28,000 രൂപ, നോയിഡയിൽ 24,000 രൂപ എന്നിങ്ങനെയാണ് കണക്ക്.


വർക്ക് ഫ്രം ഹിൽസ് ഒരു താല്കാലിക ട്രെൻഡ് മാത്രമാകുമോ, അതോ ഭാവിയിൽ തൊഴിൽ സംസ്കാരത്തിന്റെ ഭാഗമാകുമോ എന്ന് കാത്തിരിക്കേണ്ടതാണ്. അതേസമയം, ജോലി ചെയ്യാനുള്ള സ്ഥലത്തെക്കുറിച്ചും, ഓഫീസ് മുറിയെ കുറിച്ചുമൊക്കെയുള്ള പരമ്പരാഗത ധാരണകൾ മാറിക്കൊണ്ടിരിക്കുകയാണെന്നതിൽ സംശയമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home