print edition സാമ്പത്തിക പ്രതിസന്ധി; നട്ടംതിരിഞ്ഞ് ഹിമാചൽ

സുഖ്‌വിന്ദർസിങ് സുഖു
ന്യൂഡൽഹി
ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രത്യേക സാന്പത്തിക പാക്കേജിനായി കേന്ദ്രസർക്കാരിനെ സമീപിച്ച് ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാർ. കുമിഞ്ഞുകൂടിയ കടവും വരുമാനനഷ്ടവും സാമ്പത്തികഅടിത്തറ ദുർബലമാക്കി.
സംസ്ഥാനത്തിന്റെ മൊത്തം കടം, ആഭ്യന്തര ഉൽപ്പാദനത്തിന്റെ 45 ശതമാനത്തോട് അടുക്കുന്ന ഘട്ടത്തിൽ അടിസ്ഥാനസൗകര്യവികസനത്തിനും ജനക്ഷേമപദ്ധതികൾക്കും ഫണ്ടില്ല. ഇൗ സാഹചര്യത്തിൽ, 2026–27 സാന്പത്തികവർഷത്തിൽ റവന്യൂകമ്മി പരിഹരിക്കാൻ പ്രത്യേക സാന്പത്തികപാക്കേജ് അടിയന്തിരമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർസിങ് സുഖു കേന്ദ്രധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു.
ജിഎസ്‌ടി നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനത്തിന് വലിയ വരുമാനനഷ്ടമുണ്ടായെന്നും റവന്യൂകമ്മി പരിഹരിക്കാനുള്ള ഗ്രാന്റ് കൂടി കേന്ദ്രസർക്കാർ നിർത്തലാക്കിയതോടെ സംസ്ഥാനം വന്‍ സാന്പത്തികപ്രതിസന്ധിയാണ് നേരിടുന്നതെന്നും സുഖു പ്രതികരിച്ചു. ഡിസംബറിൽ എംഎൽഎ ഫണ്ടിന്റെ മൂന്നാംഗഡു വിതരണം മുടങ്ങി. സംസ്ഥാനസർക്കാർ ജീവനക്കാർക്ക് ശന്പള വർധന പ്രഖ്യാപിച്ചെങ്കിലും പിൻവലിച്ചു. ശന്പളവർധനവ് നടപ്പാക്കാൻ 100 കോടി വേണമെന്നും നിലവിൽ അത്രയും തുക കണ്ടെത്താനാകില്ലെന്നുമാണ് സർക്കാർ വിശദീകരണം. 2022 തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ ഒന്നും നടപ്പാക്കാനാകുന്നില്ല. 300 യൂണിറ്റ് സൗജന്യവൈദ്യുതി, ഒരോ ഗ്രാമത്തിലും മൊബൈൽക്ലിനിക്ക്, കർഷകർക്ക് പ്രത്യേക സഹായങ്ങൾ തുടങ്ങിയവ വാഗ്‌ദാനത്തിൽ മാത്രം ഒതുങ്ങി.
അടിയന്തിരസാഹചര്യം നേരിടാൻ പലവിധ വായ്‌പകൾ എടുക്കുന്നുണ്ടെങ്കിലും അതിന്റെ സിംഹഭാഗവും നേരത്തെയുള്ള കടങ്ങൾ വീട്ടാനും പലിശഅടയ്‌ക്കാനും വിനിയോഗിക്കുകയാണ്. 2024ലെ കണക്കുകൾ പ്രകാരം ഹിമാചലിന്റെ വായ്‌പകളിൽ 74.11 ശതമാനവും കടങ്ങൾ വീട്ടാനാണ് ചെലവിടുന്നത്.










0 comments