ad
Deshabhimani

സർക്കാർ ജീവനക്കാർക്ക് കർശന ഡ്രസ് കോഡ്; ജീൻസിനും ടീ ഷർട്ടിനും വിലക്കുമായി ഹിമാചൽ സർക്കാർ

Himachal Govt.jpg
വെബ് ഡെസ്ക്

Published on Mar 19, 2026, 06:46 AM | 1 min read

ഷിംല: സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ. ഓഫീസുകളിലും കോടതികളിലും ജീൻസ്, ടീ ഷർട്ടുകൾ, പാർട്ടി വെയറുകൾ എന്നിവ ധരിക്കുന്നത് സർക്കാർ നിരോധിച്ചു.


ഇതുസംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ ചീഫ് സെക്രട്ടറി സഞ്ജയ് ഗുപ്ത പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർ ജോലിസ്ഥലത്ത് പാലിക്കേണ്ട മാന്യതയും അച്ചടക്കവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.


എല്ലാ ജീവനക്കാരും വൃത്തിയുള്ളതും മാന്യവുമായ 'ഫോർമൽ' വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളൂ. തിളക്കം കുറഞ്ഞ വസ്ത്രങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


പുരുഷന്മാർ പാന്റ്സ് അല്ലെങ്കിൽ ട്രൗസർ, കോളറുള്ള ഷർട്ട് എന്നിവ ധരിക്കണം. ഷൂവോ സാൻഡലുകളോ ഉപയോഗിക്കാം. സ്ത്രീകൾ സാരി, സൽവാർ, ചുരിദാർ, കുർത്ത, ദുപ്പട്ട എന്നിവയ്ക്ക് പുറമെ ഫോർമൽ പാന്റും ഷർട്ടും ധരിക്കാം.


ചെപ്പൽ, സാൻഡൽ, ഷൂ എന്നിവ ഉപയോഗിക്കാം. ജീൻസ്, ടീ ഷർട്ട് എന്നിവ ലിംഗഭേദമന്യേ എല്ലാ ജീവനക്കാർക്കും നിരോധിച്ചു. വസ്ത്രധാരണത്തിന് പുറമെ ജീവനക്കാരുടെ സോഷ്യൽ മീഡിയ ഇടപെടലുകൾക്കും നിയന്ത്രണമുണ്ട്.


വ്യക്തിഗത അക്കൗണ്ടുകളിലൂടെ രാഷ്ട്രീയമോ മതപരമോ ആയ അഭിപ്രായപ്രകടനങ്ങൾ നടത്താൻ പാടില്ല. സർക്കാർ നയങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് വിലക്കിയിട്ടുണ്ട്.


കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് സർക്കാർ പദ്ധതികളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് നടപടി. 2017-ൽ സമാനമായ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും പലരും അത് പാലിക്കാത്തതിനാലാണ് ഇപ്പോൾ കർശന നടപടികളിലേക്ക് സർക്കാർ നീങ്ങിയത്.


നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home