ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ചു; രണ്ട് മരണം

ഊന: ഹിമാചൽ പ്രദേശിലെ ഊന ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. ഭർവെയ്ൻ മേഖലയിലെ ഭർവെയ്ൻ - ഹോഷിയാർപൂർ റോഡിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെയാണ് അപകടം നടന്നത്.
കുത്തനെയുള്ള ഇറക്കങ്ങളും അപകടകരമായ വളവുകളുമുള്ള ചിന്തപൂർണി സെക്ഷനിൽ വെച്ചാണ് വാഹനം റോഡിൽ നിന്ന് പുറത്തേക്ക് തെറിച്ചത്. കൊക്കയിലേക്ക് വീണ ഉടൻ തന്നെ കാറിന് തീപിടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിലുണ്ടായിരുന്ന ഒരാൾ പുറത്തേക്ക് തെറിച്ചു വീണാണ് മരിച്ചത്. മറ്റൊരാൾ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോകുകയും തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ നേരിട്ട് കൊക്കയിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പഞ്ചാബ് രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരിച്ചവരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ഊന പൊലീസ് അറിയിച്ചു.










0 comments