അമർനാ-ഥിന്റെ ലോകകപ്പ് ഇന്ന് സ്‌കൂളിലെത്തും


സ്വന്തം ലേഖകൻ
Published on Jul 21, 2026, 01:46 AM | 1 min read
കൊയിലാണ്ടി
ഞായറാഴ്ച ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരം നടക്കുന്പോൾ അമർനാഥ് ലോകകപ്പിന്റെ അവസാന മിനുക്കുപണിയിലായിരുന്നു. ലോകം മുഴുവൻ ഫുട്ബോൾ ലഹരിയിൽ മുങ്ങിയ ദിവസങ്ങളിൽ കളിമണ്ണിൽ ലോകകപ്പിന്റെ മാതൃക തീർക്കുകയായിരുന്നു ഈ കൊച്ചുമിടുക്കൻ. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസുകാരനായ അമർനാഥ് സ്വയം നിർമിച്ച ലോകകപ്പുമായാണ് ചൊവ്വാഴ്ച സ്‌കൂളിലെത്തുക. താൻ നിർമിച്ച ലോകകപ്പ് മാതൃകയുമായി തിങ്കളാഴ്‌ച സ്കൂളിൽ പോകാനായിരുന്നു ആഗ്രഹം. സ്കൂൾ അവധി പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ച കൊണ്ടുപോകാൻ തീരുമാനിച്ചു. ചപ്പാത്തിമാവുകൊണ്ട് വിവിധ രൂപങ്ങൾ ഉണ്ടാക്കിയാണ് തുടക്കം. കഴിഞ്ഞ രണ്ടുവർഷമായി ചിത്രകൂടം പെയിന്റിങ് കമ്യൂണിറ്റിയിൽ ചിത്രകലാ വിദ്യാർഥിയാണ്. ചിത്രകലാധ്യാപകൻ സായി പ്രസാദാണ് മാതൃകാ ലോകകപ്പ് തീർക്കാനുള്ള മാർഗനിർദേശം നൽകിയത്. പോർച്ചുഗലിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആരാധകനാണ് അമർനാഥ്. പന്തലായനി ശിവദത്തിൽ ജോസ്‌നയുടെയും ബൈജുവിന്റെയും മകനാണ്. ബൈജു എലത്തൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ജീവനക്കാരനാണ്. പന്തലായനി ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി ആദിനാഥാണ് സഹോദരൻ.










0 comments