പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ഹെറോയിൻ; അതിർത്തിയിൽ പിടികൂടി

വീഡിയോ സ്ക്രീൻഷോട്ട്
ശ്രീനഗർ : അന്താരാഷ്ട്ര അതിർത്തിയിൽ ശനിയാഴ്ച അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥർ. 20 കോടിയിലധികം രൂപ വിലമതിക്കുന്ന 4 കിലോയിലധികം ഹെറോയിൻ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോൺ വഴി വിവിധ വസ്തുക്കൾ വർഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആർഎസ് പുര സെക്ടറിലെ ഗ്രാമത്തിൽ അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഹെറോയിൻ അടങ്ങിയ രണ്ട് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികൾക്കായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കത്വ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്ന് ഹെറോയിൻ കടത്തിയതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നാഗ്രിക്ക് സമീപം ഡ്രോൺ ഉപേക്ഷിച്ചതും 150 ഗ്രാം ഹെറോയിൻ കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിയായ ജതിൻ, കത്വയിലെ ജഖ്ബാറിലെ ഡാനിഷ് ദോഗ്ര എന്ന സാജൻ എന്നിവരെ അറസ്റ്റ് ചെയ്തത്. വിഒഐപി (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) കോളുകൾ വഴി പാകിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തു സംഘവുമായി ഇരുവരും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.









0 comments