മോദിയെ വിമര്‍ശിച്ചതിന് കേസ് ; മുൻകൂർ ജാമ്യം തേടി കാർട്ടൂണിസ്‌റ്റ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി
നാലുവര്‍ഷംമുമ്പ് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച കാർട്ടൂൺ പ്രധാനമന്ത്രിയേയും ആർഎസ്‌എസിനെയും "അധിക്ഷേപിക്കുന്ന'താണെന്ന് ആരോപിച്ചുള്ള കേസില്‍ മുൻകൂർ ജാമ്യം തേടി കാർട്ടൂണിസ്‌റ്റ് സുപ്രീംകോടതിയിൽ. മധ്യപ്രദേശ് ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്ന് ഇൻഡോർ സ്വദേശി ഹേമന്ദ് മാളവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 14ന് ഹർജി പരിഗണിക്കും.
കോവിഡ് കാലത്ത് വാക്‌സിനുകളുടെ ആധികാരികത തെളിയിക്കപ്പെടുംമുമ്പ് അവ വെള്ളം പോലെ സുരക്ഷിമാണെന്ന രാഷ്‌ട്രീയനേതാവിന്റെ പ്രസ്‌താവനയെ വിമർശിക്കുന്ന കാർട്ടൂണാണ് 2021ൽ മാളവ്യ പ്രസിദ്ധീകരിച്ചത്.
ആർഎസ്‌എസുകാരന് സ്റ്റെതസ്കോപ്പണിഞ്ഞ മോദി കുത്തിവയ്‌പ് നൽകുന്നതായിരുന്നു കാർട്ടൂൺ. 2025ൽ മറ്റൊരാൾ കാർട്ടൂൺ പങ്കുവച്ച് പ്രധാനമന്ത്രി മോദിയേയും ആർഎസ്‌എസിനെയും വിമർശിച്ചു. പിന്നാലെ, ആർഎസ്‌എസ് പ്രവർത്തകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നാലുവർഷമായി പൊതുസമൂഹത്തിലുള്ള കാര്‍ട്ടൂണിന്റെ പേരില്‍ പൊലീസ് അനാവശ്യമായി കേസെടുത്തിരിക്കുകയാണെന്ന് കാർട്ടൂണിസ്‌റ്റിനുവേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി.











0 comments