ചണ്ഡിഗഡ് ബില്‍ : വിവാദമായതോടെ പിൻമാറാന്‍ കേന്ദ്രം
print edition ദേശീയ ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപീകരിക്കാൻ കേന്ദ്രം ; യുജിസി അടക്കം ഇല്ലാതാകും

ന്യൂഡൽഹി
രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ ഒറ്റക്കുടക്കീഴിലാക്കുന്ന ഉന്നത വിദ്യാഭ്യാസ ബിൽ കേന്ദ്രർക്കാർ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
സംഘപരിവാർ ആശയങ്ങൾ കുത്തിത്തിരുകാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ദേശീയ വിദ്യഭ്യാസ നയത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് ദേശീയ ഉന്നത വിദ്യാഭ്യാസ കമീഷൻ. ഇതോടെ യുജിസി, അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ എന്നിവ ഇല്ലാതാകും. നിലവിൽ സാങ്കേതികേതര ഉന്നത വിദ്യാഭ്യാസത്തെ യുജിസിയും സാങ്കേതിക സ്ഥാപനങ്ങളെ എഐസിടിഇയും, അധ്യാപക വിദ്യാഭ്യാസത്തെ എൻസിടിഇയുമാണ് നിയന്ത്രിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസം ദേശീയ മെഡിക്കൽ കമീഷന് കീഴിൽ തുടരും.സമവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ കൂടുതൽ പിടിമുറുക്കുന്നതിലേക്കാവും ദേശീയ കമീഷൻ രൂപീകരണം വഴിതുറക്കുക. നിയന്ത്രണം, അക്രഡിറ്റേഷൻ, അക്കാദമിക് നിലവാരം എന്നിവയാണ് കമീഷന്റെ പ്രധാന ചുമതല. എന്നാൽ ധനസഹായം വിദ്യഭ്യാസ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും.
ഹൈവേ ഭൂമി ഏറ്റെടുക്കലും കോർപ്പറേറ്റ് നിയമ മാറ്റങ്ങളും സംബന്ധിച്ച ബിൽ, സെക്യൂരിറ്റീസ് മാർക്കറ്റ്സ് കോഡ് ബിൽ, ആർബിട്രേഷൻ നിയമ ഭേദഗതി ബിൽ തുടങ്ങിയവയും അവതരിപ്പിക്കും.
ചണ്ഡിഗഡ് ബില്‍ : വിവാദമായതോടെ പിൻമാറാന്‍ കേന്ദ്രം
പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡിനെ പൂർണ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വിവാദത്തിൽ. പഞ്ചാബിൽ പ്രതിഷേധം ശക്തമായതോടെ തീരുമാനത്തിൽനിന്ന് താല്‍ക്കാലികമായി കേന്ദ്രം പിൻവലിഞ്ഞു. ചണ്ഡിഗഡിനെ അനുച്ഛേദം 240ൽ ഉൾപ്പെടുത്തി രാഷ്‌ട്രപതിയുടെ കീഴിലാക്കാനായിരുന്നു പദ്ധതി. ലഫ്‌റ്റനന്റ് ഗവർണറെ നിയമിച്ച് പ്രദേശത്ത് നേരിട്ട് ഭരണം നടത്തുകയായിരുന്നു ലക്ഷ്യം. കേന്ദ്ര ഭരണപ്രദേശമാണെങ്കിലും നിലവിൽ പഞ്ചാബ് ഗവർണറാണ് ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ.
പ്രതിഷേധം ശക്തമായതോടെ, അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ചണ്ഡിഗഡിലെ ഭരണത്തേയോ അധികാര ഘടനയെയോ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ആവശ്യമായ കൂടിയാലോചനയ്‌ക്കുശേഷമെ അനുയോജ്യമായ തീരുമാനമെടുക്കുകയുള്ളു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ചുള്ള ബിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നില്ലെന്നും മന്ത്രാലയം എക്‌സിൽ കുറിച്ചു.
ശൈത്യകാല സമ്മേളനത്തിൽ ചണ്ഡിഗഡിനെ രാഷ്‌ട്രപതി ഭരണത്തിലാക്കാനുള്ള 131–ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന് ലോക്‌സഭ, രാജ്യസഭ ബുള്ളറ്റിനുകളിൽ പരാമർശിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതിഷേധമുണ്ടായത്. ലഫ്. ഗവർണറെ നിയമിച്ചാൽ കേന്ദ്ര ഇടപെടൽ കൂടുതൽ ശക്തമാകും.










0 comments