തമിഴ്‌നാട്ടിൽ മഴ കനത്തു; നീലഗിരിയിൽ 200 മില്ലിമീറ്റർ മഴ: കൂനൂർ മലയോര പാതയിൽ മണ്ണിടിച്ചിൽ

മേട്ടുപ്പാളയം - കൂനൂർ റോഡിലെ ബർലിയാർ പോലീസ് എയ്ഡ് പോസ്റ്റിനു മുൻപിൽ നടന്ന മണ്ണിടിച്ചിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ മഴ ശക്തമായതോടെ നീലഗിരിയിൽ 24 മണിക്കൂറിനിടെ 200 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി. മേട്ടുപ്പാളയം–കൂനൂർ മലയോര പാതയിൽ പത്തിലധികം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മഴയെ തുടർന്ന് ഊട്ടി, കൂനൂർ, കോത്തഗിരി, കുന്ദ, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകി.
പെരുമ്പള്ളത്ത് മഞ്ജൂർ–കോയമ്പത്തൂർ റോഡിലേക്ക് വലിയ പാറക്കല്ല് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഹൈവേസ് വകുപ്പ് ഉദ്യോഗസ്ഥർ പാറ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കീഴ് കോത്തഗിരിയിൽ 200 മില്ലിമീറ്ററും കൂനൂർ റൂറലിൽ 75 മില്ലിമീറ്ററും അപ്പർ ഗൂഡല്ലൂരിൽ 33 മില്ലിമീറ്ററും പോർത്തിമുണ്ടിൽ 27 മില്ലിമീറ്ററും മഴ ലഭിച്ചു.

നീലഗിരിയിൽ തുടരുന്ന കനത്ത മഴയിൽ മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിലുള്ള മലമ്പാതയിലെ ഹിൽഗ്രോവ് ഹിൽ ഗ്രോവ് സ്റ്റേഷനു മുൻപിൽ മണ്ണിടിഞ്ഞു. തുടരുന്ന മഴയാലും വിവിധ ഇടങ്ങളിലെ മണ്ണിടിച്ചിലിനാലും മേട്ടുപ്പാളയം - കൂനൂർ ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തി വെച്ചു.

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ തിരുനെൽവേലി, കന്യാകുമാരി, കോയമ്പത്തൂർ, നീലഗിരി, തേനി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് നിരവധി ജില്ലകളിലും കനത്ത മഴയ്ക്ക് മുന്നറിയിപ്പുണ്ട്.
അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒക്ടോബർ 26 ഓടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മലയോര പാതകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.









0 comments