തല മുണ്ഡനം ചെയ്ത് നിരാഹാരമിരിക്കും; സർക്കാർ വഞ്ചിച്ചു: സമരം കടുപ്പിക്കാൻ എൽപിഎസ്‌ടി ഉദ്യോഗാർഥികൾ

എൽപിഎസ്‌ടി ഉദ്യോഗാർഥികൾ നിയമസഭ വളഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നു. ദേശാഭിമാനി ഫയല്‍ ചിത്രം
തിരുവനന്തപുരം : സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് സെക്രട്ടറിയറ്റിന് മുൻപിൽ നടത്തുന്ന സമരം കടുപ്പിക്കാൻ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. തല മുണ്ഡനം ചെയ്ത് മരണം വരെ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് സമര സമിതി അറിയിച്ചു. സർക്കാർ ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് സമരം കടുപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്. നിലവിൽ സെക്രട്ടറിയറ്റിനുമുന്നിൽ ഉദ്യോഗാർഥികൾ ആരംഭിച്ച സമരം 110 ദിവസം പിന്നിട്ടു. കഴിഞ്ഞ നാലുദിവസമായി സമരക്യാമ്പും സംഘടിപ്പിച്ചിരുന്നു. എന്നാൽ ആവശ്യങ്ങളുന്നയിക്കാൻ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും സാധിക്കാഞ്ഞതിനെത്തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അർഹമായ നിയമനം നിഷേധിക്കുകയും കോഴനിയമനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടികൾക്കെതിരെയാണ് സമരം.
നീതി കിട്ടണമെങ്കിൽ നിരാഹാരം കിടന്ന് മരണത്തിന്റെ വക്കിലെത്തിയെങ്കിലേ സാധിക്കൂ എന്ന അവസ്ഥയാണ് ഇപ്പോഴെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി കൺവീനർ എസ് വളർമതി പറഞ്ഞു. നിരാഹാരമല്ലാതെ ഇനി മറ്റ് മാർഗമില്ല. സർക്കാർ ഇങ്ങനെ പറഞ്ഞുപറ്റിക്കുമെന്ന് കരുതിയില്ല, മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിട്ട് ഇതുവരെ നടന്നില്ല. ആദ്യം ഉറപ്പുനൽകിയെങ്കിലും ഇപ്പോൾ കച്ചവടത്തിന്റെ ഭാഷയിലാണ് മന്ത്രി സംസാരിക്കുന്നത്. സമരത്തിൽ നിന്ന് പിന്മാറിയാൽ മാത്രമേ അനുവദിക്കാൻ കഴിയൂ എന്ന് ഭിക്ഷ തരുന്നതുപോലെയാണ് പറയുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോൾ ഞങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് ഒരുപാട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. മരണം വരെ നിരാഹാരം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം ഉറപ്പാക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുക, കോഴ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഉദ്യോഗാർഥികൾ സമരം തുടരുന്നത്. സമരത്തിന്റെ നൂറാം ദിനമായ ഒക്ടോബർ 13ന് ഉദ്യോഗാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളഞ്ഞിരുന്നു
രണ്ട് അധ്യയനവർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം ലഭിച്ചിട്ടില്ല. രണ്ടു ജില്ലകളിൽ ഒരു നിയമനംപോലും നടന്നില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അർഹമായ നിയമനം നൽകണമെന്നും, അതിനാവശ്യമായ ഒഴിവുകൾ കണ്ടെത്തി നികത്തണമെന്നും ആവശ്യപ്പെട്ട് 37 ദിവസത്തെ സമരവും 13 ദിവസത്തെ നിരാഹാര സമരവും ഉദ്യോഗാർഥികൾ നടത്തിയിരുന്നു. ഉദ്യോഗാർഥികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ പഠനവിധേയമാക്കുന്നതിനായി സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടു. തുടർന്ന് 51 ദിവസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച നടന്നെങ്കിലും, ചില ആവശ്യങ്ങൾ മാത്രം അംഗീകരിക്കുകയും പ്രധാന ആവശ്യമായ അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആയി പുനർനിശ്ചയിക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതോടെയാണ് സമരം കടുപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്.









0 comments