സമാനതകളില്ലാത്ത വിജയം; ഹരിയാനയിലെ വൈദ്യുതി ജീവനക്കാരെ അഭിവാദ്യം ചെയ്ത് സിഐടിയു

ന്യൂഡൽഹി: ഹരിയാനയിൽ വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ നടത്തിവന്ന സമരം വിജയത്തിലെത്തിച്ച ജീവനക്കാരെയും എൻജിനിയർമാരെയും അഭിവാദ്യം ചെയ്ത് സിഐടിയു. ഗുരുഗ്രാമിലും നൂഹിലും ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയ സമാന്തര വിതരണ ലൈസൻസിനെതിരെ സെക്ഷൻ 108 പ്രകാരം നയപരമായ നിർദേശം പുറപ്പെടുവിക്കാനും സ്വകാര്യവത്കരണം അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനും ബിജെപി സർക്കാർ നിർബന്ധിതമായി. പൊതുമേഖലാ വൈദ്യുതി വിതരണ രംഗത്തെ സ്വകാര്യ കൊള്ളയ്ക്കായി തുറന്നുകൊടുക്കാനുള്ള നീക്കത്തിനെതിരെയുള്ള സമാനതകളില്ലാത്ത വിജയമാണിതെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്താവനയിൽ പറഞ്ഞു.
48 ണിക്കൂർ നീണ്ടുനിന്ന സമരത്തിൽ അരലക്ഷത്തോളം തൊഴിലാളികൾ പങ്കെടുത്തു. മണിക്കൂറുകളോളം വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയിട്ടും കർഷക സംഘടനകളും മറ്റ് ട്രേഡ് യൂണിയനുകളും സാധാരണ ജനങ്ങളും സമരത്തിന് പിന്തുണനൽകി. സ്വകാര്യ കമ്പനികളുടെ ലാഭത്തിനുവേണ്ടി പൊതുസേവന സ്ഥാപനങ്ങളെ തകർക്കാൻ അധ്വാനിക്കുന്ന ജനവിഭാഗം അനുവദിക്കില്ലെന്ന് ഈ ഐക്യം തെളിയിച്ചു. സമരവിജയത്തിന്റെ ഭാഗമായി രാജ്യമെമ്പാടും ആഹ്ലാദപ്രകടനങ്ങൾ നടത്താനും സിഐടിയു ആഹ്വാനം ചെയ്തു.









0 comments