സ്കൂളിൽ കടന്നുകറി; മോഷണത്തിനിടെ പ്രിൻസിപ്പലിനെ ആക്രമിച്ചു; മുൻ വിദ്യാർഥികൾ പിടിയിൽ

റാഞ്ചി: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പലിന് നേരെ ആക്രമണം. ഖുന്തിയിലുള്ള സെന്റ് മൈക്കൾസ് ചർച്ചുമായി ബന്ധപ്പെട്ട ആർസി ബോയ്സ് മിഡിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബെനഡിക്ട് ബാർലയെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
പിടിയിലായ മൂന്ന് പേരും 13, 14, 15 വയസ്സുള്ളവരാണ്. ഇവർ നാലുപേരും ഈ സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസ്സായവരും മുൻപ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നവരുമാണ്. പ്രാദേശിക മേളയിൽ പോകാൻ പണം കണ്ടെത്താനാണ് നാല് മുൻ വിദ്യാർഥികൾ സ്കൂളിൽ അതിക്രമിച്ചു കയറിയത്.
ഒക്ടോബർ 20ന് രാത്രി 8.30 ഓടെ സ്കൂളിലെത്തിയ ഇവർ മോഷണം നടത്തുന്നതിനിടയിൽ പ്രിൻസിപ്പലായ ഫാദർ ബെനഡിക്ട് ബാർലയെ കണ്ടു. തുടർന്ന് പിടിയിലാകുമെന്ന ഭയത്താൽ പ്രതികളിൽ ഒരാൾ ആയുധം ഉപയോഗിച്ച് അദ്ദേഹത്തിന്റെ നെറ്റിയിലും കണ്ണിന്റെ ഭാഗത്തും ആക്രമിക്കുകയായിരുന്നു.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂളിൽ നിന്നും മോഷ്ടിച്ച 85,747 രൂപയും മൊബൈൽ ഫോണുകളും പണം ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളും പൊലീസ് കണ്ടെടുത്തു. പണത്തിന്റെ ഒരു ഭാഗം വനമേഖലയിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഫാദർ ബാർലയെ അടുത്ത ദിവസം രാവിലെയാണ് കണ്ടെത്തുന്നത്. തുടർന്ന് അദ്ദേഹത്തെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ ചികിത്സ തുടരുകയാണ്.









0 comments