കിഫ്‌ബിക്ക് കത്തി വയ്‌ക്കാൻ ശ്രമം; കാർബൺ ന്യൂട്രൽ കോഫി പാർക്കിന്റെ ടെൻഡർ തുറന്നില്ല

കാർബൺ ന്യൂട്രൽ കോഫി പാർക്കിന്റെ മാതൃക
കൽപ്പറ്റ : കിഫ്‌ബിയുടെ തലയ്‌ക്കൽ കത്തി വയ്‌ക്കുന്നതിന്റെ ഭാഗമായി വയനാട് കാർബൺ ന്യൂട്രൽ കോഫി പാർക്കിന്റെ നിർമാണ ടെൻഡർ തുറക്കാതെ നീട്ടി. 18ന് തുറക്കേണ്ടിയിരുന്ന ടെൻഡറാണ് നീട്ടിയത്. കോഫി പാർക്കിന്റെ സ്‌പെഷൽ ഓഫീസറെ മാറ്റിയിട്ട് പകരം നിയമനവും നടത്തിയിട്ടില്ല. നവംബർ 20വരെയാണ് ടെൻഡർ നീട്ടിയതെങ്കിലും പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇപിസി (എൻജിനിയറിങ് പ്രൊക്യുയർമെന്റ് ആൻഡ് കൺസ്‌ട്രക്ഷൻ) കരാർ ക്ഷണിച്ചത്. കമ്പനികൾ സ്ഥലം ഉൾപ്പെടെ സന്ദർശിച്ചാണ് ടെൻഡർ ക്വാട്ട് ചെയ്‌തത്. ഇതാണ് തുറക്കാതെ നീട്ടിയത്.
സംസ്ഥാനത്തെ കാപ്പി കർഷകരുടെ ഉന്നമനത്തിന് എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത പദ്ധതിയുടെ ഭാവിയാണ് ആശങ്കയിലാകുന്നത്. 112 കോടി രൂപ കിഫ്‌ബി ഫണ്ടിലാണ് നിർമാണം ആസൂത്രണംചെയ്‌തിട്ടുള്ളത്. 60 കോടി രൂപയുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ നടത്തേണ്ടത്.

പദ്ധതിക്കായി കൽപ്പറ്റ പുഴമുടിയിൽ 20 ഏക്കർ എൽഡിഎഫ് സർക്കാർ കിഫ്‌ബിയുടെ 8.92 കോടി രൂപ വിനിയോഗിച്ച് വാങ്ങി. വ്യവസായ വകുപ്പിന് കീഴിൽ രൂപീകരിച്ച പൊതുമേഖലാ കമ്പനിയായ ‘കേരള കോഫി ലിമിറ്റഡ്’ ആണ് നിർവഹണ ഏജൻസി. കോഫി ലിമിറ്റഡിന്റെ ഡയറക്ടർക്ക് സ്‌പെഷൽ ഓഫീസറുടെ ചുമതലയും നൽകി. കോഫി ലിമിറ്റഡിൽനിന്ന് ഡയറക്ടറെ മാറ്റിയതോടെ സ്‌പെഷൽ ഓഫീസറും ഇല്ലാതായി.
രണ്ടുവർഷത്തോളം നീണ്ട നടപടികൾക്കൊടുവിൽ 2025 മാർച്ചിലാണ് സ്ഥലം രജിസ്‌റ്റർ ചെയ്‌തത്. കൽപ്പറ്റ ഗവ. കോളേജ്–-പുഴമുടി പാതയോട് ചേർന്നാണ് സ്ഥലം. സ്ഥലമെടുപ്പിനുശേഷം കോഫി ലിമിറ്റഡ് തയ്യാറാക്കി സമർപ്പിച്ച വിശദ പദ്ധതി രേഖ (ഡിപിആർ) അംഗീകരിച്ചാണ് നിർമാണത്തിന് കിഫ്‌ബി തുക അനുവദിച്ചതും ആദ്യഘട്ട പ്രവൃത്തി ടെൻഡർ ചെയ്‌തതും. ശാസ്‌ത്രീയമായ കാപ്പി കൃഷി, സംസ്‌കരണം, ഉൽപ്പന്ന നിർമാണം, വിപണനം എന്നിവയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് കാർബൺ ന്യൂട്രൽ കോഫി പാർക്കിന്റെ ലക്ഷ്യം.









0 comments