Deshabhimani

സർക്കാർ മുട്ടുമടക്കി; ഹരിയാനയിൽ വൈദ്യുതി ജീവനക്കാരുടെ സമരം വിജയം; പണിമുടക്ക് പിൻവലിച്ചു

Haryana Electricity Employees Strike
വെബ് ഡെസ്ക്

Published on Oct 24, 2026, 10:49 AM | 1 min read

ചണ്ഡീ​ഗഢ്: ഹരിയാനയിൽ വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാരും എൻജിനീയർമാരും നടത്തിവന്ന സമരത്തിന് മുന്നിൽ മുട്ടുമടക്കി ബിജെപി സർക്കാർ. ഗുരുഗ്രാമിലും നൂഹിലും ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡിന് 25 വർഷത്തേക്ക് വൈദ്യുതി വിതരണം നടത്താൻ അനുമതി നൽകിയ നടപടിയിൽനിന്ന് പിൻവാങ്ങുന്നതായി സർക്കാർ പ്രഖ്യാപിച്ചു. വൈദ്യുതി നിയമം 2003ലെ സെക്ഷൻ 108 പ്രകാരം പൊതുതാൽപ്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സെയ്നി അറിയിച്ചു. ഇതോടെ 48 മണിക്കൂർ നീണ്ടുനിന്ന സമരം അവസാനിപ്പിക്കുകയും തൊഴിലാളികൾ പണിമുടക്ക് പിൻവലിക്കുകയും ചെയ്തു. ചരിത്രവിജയം സൃഷ്ടിച്ച സമരത്തിന് നേതൃത്വം നൽകിയ തൊഴിലാളികളെ അഭിവാദ്യം ചെയ്യുന്നതായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) അറിയിച്ചു.


സ്വകാര്യ കമ്പനിക്ക് സമാന്തര വൈദ്യുതി വിതരണ ലൈസൻസ് നൽകാനായിരുന്നു സർക്കാർ നീക്കം. ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡിന് 25 വർഷത്തേക്ക് വൈദ്യുതി വിതരണം നടത്താൻ ഹരിയാന വൈദ്യുതി റെഗുലേറ്ററി കമീഷൻ ഒക്ടോബർ 19 നാണ് ഉത്തരവിറക്കിയത്. സ്വകാര്യവത്കരണ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. അരലക്ഷത്തോളം തൊഴിലാളികൾ പണിമുടക്കിൽ അണിനിരന്നു. 2003ലെ സെക്ഷൻ 108 പ്രകാരം നിർദേശം പുറപ്പെടുവിക്കണമെന്നും സമാന്തര വൈദ്യുതി വിതരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കണമെന്നും ഇഇഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.





കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും സമരത്തിന് പിന്തുണ നൽകി. ആശുപത്രികളിലേക്കുള്ള അവശ്യ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ജീവനക്കാർ ശ്രദ്ധിച്ചു. സ്വകാര്യവത്കരണ നടപടിയിൽനിന്നുള്ള സർക്കാരിന്റെ പിന്മാറ്റം സമരത്തിന്റെ വലിയ വിജയമാണെന്ന് ഇഇഎഫ്ഐ അറിയിച്ചു. സ്വകാര്യ ലാഭത്തിനുവേണ്ടി പൊതു വിതരണ സ്ഥാപനങ്ങളെ തകർക്കാൻ അനുവദിക്കില്ലെന്നും സമാന്തര ലൈസൻസിനെതിരായ പോരാട്ടം തുടരുമെന്നും ഇഇഎഫ്ഐ ജനറൽ സെക്രട്ടറി സുദീപ് ദത്ത പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home