'നിന്റെ ഉമ്മയെയും ബാപ്പയെയും പ്രതിയാക്കും'; സിസിടിവി ദൃശ്യം പുറത്തുവിടരുതെന്നും ഭീഷണി; പതിനേഴുകാരൻ നേരിട്ടത് ക്രൂരമർദനം

വർക്കല പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് റഹാൻ
വർക്കല: തിരുവനന്തപുരം വർക്കലയിൽ പതിനേഴുകാരൻ പൊലീസിൽനിന്ന് നേരിട്ടത് അതിക്രൂര മർദനം. വർക്കല ചാലുവിള കനാൽ പുറമ്പോക്കിൽ മുഹമ്മദ് റഹാനാണ് ഗുരുതരമായി പരിക്കേറ്റത്. സ്‌റ്റേഷനിൽവെച്ച് ചോര ഛർദിച്ച കൗമാരക്കാരനെ ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങി. ശരീരത്തിൽ മുഴുവൻ മർദനമേറ്റ പാടുകളാണ്.
വർക്കല ആയുർവേദ ആശുപത്രിക്കടുത്ത് മാസാ മന്തി എന്ന കടയിലെ തൊഴിലാളിയാണ് റഹാനെ. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് ഇതേ ഹോട്ടലിലെ മറ്റൊരു തൊഴിലാളിയായ അജ്മലിനെ അന്വേഷിച്ചെത്തിയതായിരുന്നു വർക്കല എസ്ഐ ആഷിൽ രവിയും സംഘവും. അയാളെ കിട്ടാതായപ്പോൾ അവിടെ ഉണ്ടായിരുന്ന റഹാനുനേരെ തിരിയുകയായിരുന്നു. പൊലീസ് വരുന്ന വിവരം അജ്മലിനെ റഹാൻ അറിയിച്ചുവെന്നാരോപിച്ചായിരുന്നു അതിക്രമം.
കടയിൽവെച്ചുതന്നെ റഹാനെ ബൂട്ടിട്ട് എസ്ഐ ചവിട്ടു. കഴുത്തിനു മുട്ടുകൈ വെച്ച് ഇടിച്ചു. മറ്റൊരു പൊലീസുകാരൻ വണ്ടിയിലേയ്ക്ക് എടുത്തെറിഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചും മർദിച്ചു. ബിപിയുടെ ബുദ്ധിമുട്ടും സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയുമുണ്ടെന്നും 17 വയസ് മാത്രമാണ് പ്രായമെന്നും പറഞ്ഞപ്പോൾ ഒരു പൊലീസുകാരൻ കരണത്തടിച്ചതായും റഹാൻ പറഞ്ഞു.
പിന്നീട് സ്റ്റേഷനിൽ എത്തിച്ചപ്പോൾ റഹാൻ ചോര ഛർദിച്ചു. ‘പ്രതികളെ കിട്ടിയില്ലെങ്കിൽ നിന്നെയും പ്രതിയാക്കും. അല്ലെങ്കിൽ നിന്റെ ഉമ്മയെയും ബാപ്പയെയും പ്രതിയാക്കും'–പൊലീസ് ഭീഷണിപ്പെടുത്തി. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് റഹാന്റെ വീട്ടുകാരെ വിവരമറിയിച്ചത്. എന്നാൽ റഹാന്റെ മാതാപിതാക്കൾ എത്തുന്നതിന് മുൻപേ അടുത്തുള്ള ജ്യൂസ് കടയിൽ കുട്ടിയെ ഉപേക്ഷിച്ച് പൊലീസുകാർ കടന്നുകളഞ്ഞു. മാതാപിതാക്കളാണ് റഹാനെ ആശുപത്രിയിൽ എത്തിച്ചത്. ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതായും റഹാൻ പറഞ്ഞു.
കുട്ടിയുടെ ദേഹമാസകലം പൊലീസ് മർദനത്തിന്റെ പാടുകളാണ്. കാൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. കഴുത്തിനും സാരമായ പരിക്കുണ്ട്. മന്തി കടയിലെ സിസിടിവി ദൃശ്യങ്ങൾ മറ്റാർക്കും നൽകരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ ഡിവൈഎസ്പി കസ്റ്റഡിയിലെടുത്തു.
വർക്കല ചാരുവിള സ്വദേശിയാണെങ്കിലും നിലവിൽ അമ്മയ്ക്കൊപ്പം ചെമ്മരുതിയിൽ വാടകയ്ക്കാണ് താമസം. 20 ദിവസം മുൻപാണ് ഹോട്ടലിൽ ജോലിക്കു കയറിയത്. കുടുംബത്തിന്റെ പരാധീനതകൾ കാരണം പഠനം ഉപേക്ഷിച്ചതാണ്. സംഭവത്തിൽ വർക്കല സിഎച്ച്ഒ ഉൾപ്പടെ നാലു പൊലീസുകാർക്കെതിരെ വർക്കല ഡിവൈഎസ്പിക്കും ചൈൽഡ് ലൈനിനും കുടുംബം പരാതി നൽകി. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും റഹാന്റെ കുടുംബം അറിയിച്ചു.









0 comments