ad
Deshabhimani

"കടിക്കാതിരിക്കാൻ തെരുവുനായകളെ കൗൺസിലിങ് ചെയ്യാം, ഇനി അതേ ബാക്കിയുള്ളു"; പരിഹസിച്ച് സുപ്രീംകോടതി

Supreme Court Stray Dogs.jpg
വെബ് ഡെസ്ക്

Published on Jan 07, 2026, 12:46 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവെ പരിഹാസവുമായി സുപ്രീംകോടതി. കടിക്കരുത് എന്ന് നായയ്ക്ക് കൗൺസിലിങ് കൂടി നൽകാമല്ലോ എന്നും, ഇനി അതേ ബാക്കിയുള്ളുവെന്നും കോടതി പരാമർശിച്ചു. ചട്ടങ്ങൾ പാലിക്കാതെ എല്ലാ നായ്ക്കളെയും ഷെൽട്ടറുകളിലാക്കുന്നുവെന്ന്, നായ്ക്കളെ പരിപാലിക്കുന്ന എൻ‌ജി‌ഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേൾക്കുന്നത്.


തെരുവുനായ്ക്കളോട് നിലവിൽ കാണിക്കുന്നത് "വളരെ ക്രൂരമായ" പെരുമാറ്റമാണെന്നും അതിനാൽ കേസ് എത്രയും വേഗം പരിഗണിക്കണമെന്നും കപിൽ സിബൽ കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിച്ച ജസ്റ്റിസ് മേത്ത, അടുത്ത വാദത്തിനിടെ കോടതി ഒരു "വീഡിയോ പ്രദർശിപ്പിക്കുമെന്നും എന്നിട്ട് മനുഷ്യത്വം എന്നാൽ എന്താണെന്ന് ചോദിക്കുമെന്നും" അഭിപ്രായപ്പെട്ടു. എൻജിഒകൾ ഷെൽട്ടറുകളിൽ പോയി ഭക്ഷണം നൽകുന്നുണ്ട്. ഷെൽട്ടറുകൾക്ക് മാത്രമേ ഭക്ഷണം നൽകാൻ കഴിയൂ എന്ന് കരുതുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു. ഒന്നരക്കോടി നായ്ക്കൾക്ക് മൃഗസ്നേഹികൾ ഭക്ഷണം നൽകുമെന്നാണോ പറയുന്നതെന്ന് കപിൽ സിബൽ ചോദിച്ചപ്പോൾ അവർക്ക് അത്രയും താല്പര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യട്ടെ എന്നായിരുന്നു കോടതിയുടെ മറുപടി.


ചട്ടങ്ങളും നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, കേസുമായി ബന്ധപ്പെട്ട് മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home