ഹരിയാന സീറ്റ് കോഴയിൽ കുരുക്ക് മുറുകുന്നു; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ഹരിയാന സീറ്റ് കോഴ വിവാദത്തിൽ കുരുക്ക് മുറുകുന്നു. ആരോപണവിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, പ്രവർത്തകസമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കെതിരെയാണ് നടപടി. ഹരിയാന മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാദേവിയുടെ ഭർത്താവ് ഗൗരവ് കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
ഇന്നലെ ഉച്ചയോടെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യ ചെയ്യാൻ എത്തിയ ഗൗരവ് കുമാറിനെ ഡൽഹി പൊലീസ് പിടികൂടിയിരുന്നു. അതേസമയം, സീറ്റ് കോഴ വിവാദത്തിൽ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെ സി വേണിഗോപാലിന്റെ പി എ അനസ് അലിക്ക് പണം കൈമാറിയതിന്റെ രേഖകളാണ് പുറത്തുവന്നത്. അനസിന് 1 ലക്ഷം രൂപ നൽകിയതായാണ് രേഖകളിലുള്ളത്.
ഹരിയാനയിലെ ബാവൽ നിയമസഭാ മണ്ഡലം വാഗ്ദാനം ചെയ്തു കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ ഉൾപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഏഴ് കോടി രൂപ തട്ടിയെന്നാണ് ഗൗരവ് കുമാറിൻ്റെ പരാതി. സീറ്റ് മോഹിപ്പിച്ച് നേതാക്കൾ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സഹിതം ഗൗരവ് കുമാർ ഡൽഹി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
കൊടിക്കുന്നിൽ സുരേഷുമായി നടത്തിയ വാട്‌സാപ് ചാറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് 15 ലക്ഷം രൂപ തിരികെ നൽകിയെന്നും ഇനി ഒരുകോടി അഞ്ച് ലക്ഷം രൂപ കൂടി കിട്ടാനുണ്ടെന്നും ഗൗരവ് വ്യക്തമാക്കി. എംപിമാരായ സത്പാൽ ബ്രഹ്മചാരി, ജയ്പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടിക്കുന്നിൽ പണംതിരികെ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാൽ തന്റെ പിഎ വഴി വിവിധ അക്കൗണ്ടുകളിലൂടെയും നേരിട്ടും പണം കൈപ്പറ്റി. ഡൽഹിയിലെ വസതിയിൽ വെച്ച് 75 ലക്ഷം രൂപ വേണുഗോപാലിന് നൽകിയതായും പരാതിയിൽ പറയുന്നു. സ്വന്തം അക്കൗണ്ടിലേക്കും മകൻ, പിഎ എന്നിവരുടെ അക്കൗണ്ടുകളിലേക്കുമാണ് കൊടിക്കുന്നിൽ പണം വാങ്ങിയത്. പ്രിയങ്ക ഗാന്ധിയുടെ പിഎ വഴിയും പത്താം നമ്പർ ജൻപഥിലെ ഓഫീസിലും വസതിയിലുമായി വലിയ തുക കൈമാറിയതായും പരാതിക്കാരൻ ആരോപിക്കുന്നു.
പണം തിരികെ ചോദിച്ചപ്പോൾ വധഭീഷണി മുഴക്കിയതായും ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ഗൗരവ് കുമാർ പറഞ്ഞു. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ വാർത്താസമ്മേളനത്തിൽ വി ഡി സതീശനോട് ആരോപണത്തെക്കുറിച്ച് ചോദിച്ചെങ്കിലും വിഷയം അറിഞ്ഞില്ലെന്ന് പച്ചക്കള്ളം പറഞ്ഞ് മുങ്ങി. സ്വന്തം പാർടിയിലെ ഉന്നത നേതാക്കൾ പ്രതിക്കൂട്ടിലായിട്ടും ആരോപണം നിഷേധിക്കാനോ അന്വേഷണം ആവശ്യപ്പെടാനോ തയ്യാറാകാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് അഴിമതിക്ക് കൂട്ടുനിൽക്കുന്നതാണെന്ന വിമർശനം ശക്തമാണ്.









0 comments