നിരവധി കർഷകർക്ക് പരിക്ക്
print edition മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചു; സ്വാതന്ത്ര്യദിനത്തിൽ കർഷകരെ തല്ലിച്ചതച്ച് ഹരിയാന പൊലീസ്

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യദിനത്തിൽ കർഷകർക്കുനേരെ പൊലീസിന്റെ ആക്രമണം. ക്ഷീരകർഷകനെ വധിച്ച കേസിൽ മുഖ്യപ്രതിയെ പിടികൂടാത്തതിനെ തുടർന്ന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെത്തിയ മുഖ്യമന്ത്രി നയാബ് സിങ് സൈനിക്കെതിരെ പ്രതിഷേധിച്ച ഹാൻസി ജില്ലയിലെ കർഷകരെയാണ് തല്ലിച്ചതച്ചത്. ജില്ലാ പൊലീസ് മേധാവി വിനോദ്‌കുമാർ കല്ലെറിയുന്ന ദൃശ്യം പുറത്തുവന്നു. നിരവധി കർഷകർക്കും പൊലീസുകാർക്കും പരിക്കേറ്റു. കലാപശ്രമമുൾപ്പെടെ വകുപ്പുകൾ ചുമത്തി 10 കർഷകരെ അറസ്റ്റുചെയ്‌തു.
ആഗസ്‌ത് നാലിനാണ് ക്ഷീരകർഷകനായ ജീവൻ കുണ്ഡുവിനെ ഒരു സംഘം കൊലപ്പെടുത്തിയത്. ഏഴുപേർ അറസ്റ്റിലായെങ്കിലും പ്രധാനപ്രതി രമേശ് ശർമയെ അറസ്റ്റ് ചെയ്‌തിട്ടില്ല. ജീവന്റെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബം പ്രതിഷേധത്തിലാണ്. ഹിസാറിലെ മിനി സെക്രട്ടേറിയറ്റിന് മുന്നിൽ കർഷകർ ധർണയും നടത്തുന്നുണ്ട്. കർഷകരെ തല്ലിച്ചതച്ച ബിജെപി സർക്കാരിന്റെ നടപടിയെ സിപിഐ എം ഹരിയാന സംസ്ഥാന സെക്രട്ടറിയറ്റ് അലപിച്ചു. കോൺഗ്രസ്, ജെജെപി പാർടികളും സർക്കാരിനെതിരെ രംഗത്തുവന്നു.
കർഷക സംഘടനകൾ അപലപിച്ചു
ന്യൂഡൽഹി: ഹാൻസിയിൽ കർഷകർക്കുനേരെ നടന്ന പൊലീസ് അതിക്രമത്തെ സംയുക്ത കിസാൻ മോർച്ചയും അഖിലേന്ത്യാ കിസാൻസഭയും അപലപിച്ചു. സമാധാനപരമായി ഒത്തുകൂടിയവർക്കു നേരെയാണ് ലാത്തിച്ചാർജ് നടത്തിയത്. മുഖ്യമന്ത്രി നയാബ് സിങ് സൈനി മാപ്പുപറയണം. അറസ്റ്റ് ചെയ്‌ത നേതാക്കളെ ഉടൻ വിട്ടയക്കണം. ജീവൻ കുണ്ഡുവിനെ വധിച്ച കേസിലെ മുഖ്യപ്രതി രമേശ് ശർമയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
കിസാൻസഭ സംസ്ഥാന സെക്രട്ടറി സുമിത് ദലാൽ അടക്കമുള്ളവരെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഭരണഘടനാമൂല്യങ്ങൾ ലംഘിച്ച ഹാൻസി എസ്‌പി, ബിജെപിയുടെയും ആർഎസ്‌എസിന്റെയും ശിങ്കിടിയായാണ് പ്രവർത്തിക്കുന്നത്. അക്രമത്തിന് കൂട്ടുനിന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു.










0 comments