ഊബർ ആഗോളതലത്തിൽ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടും

കാലിഫോർണിയ: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഊബർ ആഗോളതലത്തിൽ 3,000 ലേറെ ജീവനക്കാരെ വിടുന്നു. കമ്പനിയുടെ ആകെ ജീവനക്കാരുടെ ഏകദേശം 10 ശതമാനമാണ് ഇത്. ഇതോടെ ഊബറിലെ ജീവനക്കാരുടെ എണ്ണം 2021 ലെ നിലവാരത്തിലേക്ക് കുറയും.
കമ്പനി അതിവേഗം വികസിച്ചതോടെ തീരുമാനമെടുക്കൽ മന്ദഗതിയിലാക്കുന്ന തരത്തിൽ നിരവധി മാനേജ്മെന്റ് തലങ്ങളും ചെറിയ ടീമുകളും രൂപപ്പെട്ടതുകൊണ്ടാണ് പിരിച്ചുവിടൽ നടപടിയെന്ന് സിഇഒ ദാര ഖോസ്രോഷാഹി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ന്യായികരിക്കുന്നു.
മാനേജർമാരെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിടൽ ബാധിക്കും. എന്നാൽ ഏത് രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ആണ് കൂടുതൽ ജോലി നഷ്ടമാകുകയെന്ന് ഊബർ വ്യക്തമാക്കിയിട്ടില്ല.
പ്രഖ്യാപനത്തിന് പിന്നാലെ ഊബറിന്റെ ഓഹരി വിലയിൽ ഏകദേശം 2 ശതമാനം വർധന രേഖപ്പെടുത്തി. പുനഃസംഘടനയിലൂടെ പ്രതിവർഷം 2 ബില്യൺ ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, സ്വയം ഓടുന്ന വാഹനങ്ങളുമായുള്ള പങ്കാളിത്തം, റൈഡ്-ഹെയിലിംഗ്, ഡെലിവറി, റോബോടാക്സി മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിവയിൽ ഊബർ നിക്ഷേപം വർധിപ്പിക്കുകയാണ്.
ജീവനക്കാരിൽ ഭൂരിഭാഗവും നിശ്ചിത ഓഫീസുകളിൽ നേരിട്ട് ജോലി ചെയ്യണമെന്നും ഊബർ നിർദേശിച്ചിട്ടുണ്ട്. റിമോട്ട് ജോലികൾ ഏകദേശം 1 ശതമാനമായി പരിമിതപ്പെടുത്താനും കമ്പനി തീരുമാനിച്ചു. പുതിയ പിരിച്ചുവിടലുകൾക്ക് പിന്നാലെ ഊബറിലെ ആകെ ജീവനക്കാരുടെ എണ്ണം 30,000 ൽ താഴെയായി ചുരുങ്ങും.
ഡ്രൈവറില്ലാ ടാക്സി വേണോ എന്ന് ഉപഭോക്താക്കളോട് ഊബർ
ഡ്രൈവറില്ലാ ടാക്സി സേവനം ഉപയോഗിക്കാൻ താൽപര്യമുണ്ടോ എന്ന് ഊബർ ഉപഭോക്താക്കളോട് ചോദിക്കുന്നതായും റിപ്പോർട്ടുണ്ട്. സ്വയം ഓടുന്ന വാഹന മേഖലയിലെ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.










0 comments