ad
Deshabhimani

സമരത്തിനില്ലാത്തവര്‍ക്കും മര്‍ദനമേറ്റവര്‍ക്കുമെതിരെ കേസ്; വിദ്യാര്‍ഥിവേട്ട തുടരുന്നു

SFI 2
വെബ് ഡെസ്ക്

Published on Sep 03, 2026, 11:46 AM | 1 min read

തിരുവനന്തപുരം: സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ അഴിച്ചുവിട്ട നരനായാട്ടിന് പിന്നാലെ, മർദനമേറ്റവർക്കെതിരെ എതിരെ വ്യാജ കേസുകളെടുത്ത് പൊലീസ്. ഇന്നലത്തെ സമരത്തിൽ ഇല്ലാതിരുന്ന വിദ്യാർഥികളെ വരെ പ്രതിചേർത്താണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ചൊവ്വാഴ്ചത്തെ പൊലീസ് നരനായാട്ടിൽ കണ്ണിന് താഴെ ഗുരുതരമായി പരിക്കേറ്റ് ചികിത്സ തേടിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജി ബുധനാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ലെങ്കിലും അവരെയും എഫ്ഐആറിൽ പ്രതി ചേർത്തിട്ടുണ്ട്.


ചൊവ്വാഴ്ചത്തെ പൊലീസ് നരനായാട്ടിനെതിരെ ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് എഫ്ഐആറുകളാണ് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് ഉൾപ്പെടെ 30 പേരെ പേരെ പ്രതിചേർത്ത പ്രധാന കേസിൽ കണ്ടാലറിയാവുന്ന 200 പ്രവർത്തകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.


വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം മനേഷ് എം എയെ ബുധനാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു.


വിദ്യാർഥികളെ ക്രൂരമായി മർദിക്കാനുപയോ​ഗിച്ച ലാത്തി, ഫൈബർ ഷീൽഡ് ഹെൽമറ്റുൾ എന്നിവ തകർന്നതിന്റെ പൂർണ ഉത്തരവാദിത്തം വിദ്യാർഥികളുടെ തലയിൽ വെച്ചുകെട്ടാനാണ് നീക്കം. പൊലീസ് അടിച്ചുതകർത്ത സാധനങ്ങളുടെ നഷ്ടപരിഹാരം വിദ്യാർഥികളിൽ നിന്ന് ഈടാക്കാനുള്ള ​ശ്രമമാണ് നടക്കുന്നത്. വിദ്യാർഥികളെ ലാത്തിച്ചാർജിന് ഇരയാക്കിയ അതേ സംഭവത്തിന്റെ പിന്നാലെ, സംഘർഷത്തിനിടെ തകർന്ന പൊലീസ് ഉപകരണങ്ങളും അവരുടെ പേരിലാക്കി കൂടുതൽ ഗുരുതരമായ കേസുകൾ ചുമത്തുകയാണ്.


മർദനമേറ്റവരെ തന്നെ പ്രതികളാക്കുകയും, സമരത്തിൽ പങ്കെടുക്കാത്ത വിദ്യാർഥിയെ പോലും കേസിൽ ഉൾപ്പെടുത്തുകയും, മണിക്കൂറുകൾക്കുള്ളിൽ ഒന്നിനു പിന്നാലെ ഒന്നായി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതിലൂടെ പ്രതിഷേധത്തെ കേസുകളും അറസ്റ്റും ഉപയോഗിച്ച് അടിച്ചമർത്താനുള്ള പൊലീസ് നീക്കം വ്യക്തമാകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home