ad
Deshabhimani

സിവിൽ സർവീസ് മെയിൻസ് പരീക്ഷയിലെ മലയാളം പേപ്പറിൽ വ്യാപക പിഴവുകൾ

UPSC.jpg
വെബ് ഡെസ്ക്

Published on Sep 03, 2026, 12:40 PM | 1 min read

ന്യൂഡൽഹി: ദേശീയ തലത്തിൽ ഇന്ത്യയിൽ നിരവധി പരീക്ഷകളുടെ നടത്തിപ്പിൽ വ്യാപക ക്രമക്കേടും തെറ്റുകളും തുടർക്കഥയാകുന്ന ഈ ഘട്ടത്തിൽ മറ്റൊരു ഗുരുതര പിഴവുകൂടി പുറത്ത്. ആഗസ്ത് 30 ന് യുപിഎസി നടത്തിയ സിവിൽ സർവിസ് മെയിൻസ് പരീക്ഷയിലെ മലയാളം രണ്ടാം പേപ്പറിലാണ് വ്യാപകമായ അച്ചടിപ്പിഴവുകളും ഭാഷാപിശകുകളും കണ്ടെത്തിയത്.


ഒരു പേജിൽ മാത്രം ഇരുപതോളം തെറ്റുകളുണ്ടെന്നത് ഇത്രയും ഗൗരവമുള്ള ഒരു പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയുന്നു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള രാജ്യത്തെ സുപ്രധാന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഈ ഗുരുതര പിഴവുകൾ കണ്ടെത്തിയത്.


ചോദ്യപേപ്പറിലെ ചില പിഴവുകൾക്ക് അർഥം തന്നെ മാറിപ്പോകുന്ന തരത്തിലുള്ള പിശകുകളുണ്ടെന്നും പരീക്ഷാർഥികൾ ചൂണ്ടിക്കാട്ടുന്നു. മലയാള ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തവരോ, മലയാളം അറിയാത്ത ആളുകൾ ആണോ ഈ ചോദ്യപേപ്പർ തയ്യാറാക്കിയതെന്നുള്ള വിമർശനങ്ങളും ഉയരുന്നു


ചില തെറ്റുകൾ ചുവടെ ചേർക്കുന്നു. ശരിയായ രൂപം ബ്രാക്കറ്റിൽ


വരികാരും നീ (വരികാശു ന്നി), ചാകാന്ന നാഇല്ല ( ചാകാത്ത നാളല്ല ), വിടൻ ണാനിനിമേലിൽ (വിടൻ ഞാനിനിമേലിൽ), രുപ ( നൃപ), ചരിതാർത്ഥനയാർന്ന (ചരിതാർത്ഥതയാർന്ന) എന്നിങ്ങനെയാണ് ഒരു പേജിൽ കണ്ടെത്തിയിരിക്കുന്ന പിഴവുകൾ.


ചോദ്യപേപ്പറിലെ മറ്റ് ഭാഗങ്ങളിലും സമാനമായ പിശകുകൾ കണ്ടെത്തിയിട്ടുണ്ട്. ‘അമുംബിതകല്പ്പനകളുടെ’ എന്നാണ് ഒരു ചോദ്യത്തിൽ നൽകിയിരിക്കുന്നത്. ഇവിടെ വേണ്ടിയിരുന്നത് ‘അചുംബിതകല്പ്പനകളുടെ’ എന്ന പ്രയോഗമായിരുന്നു. മറ്റൊരു ചോദ്യത്തിൽ ‘മകുടി യുനുന്നയുവാവും’ എന്നാണ് നൽകിയിരിക്കുന്നത്. ശരിയായ രൂപം ‘മക്കടിയൂതുന്ന യുവാവ്’ എന്നായിരുന്നു.


രാജ്യത്തെ ഏറ്റവും ഉയർന്ന മത്സരപരീക്ഷകളിലൊന്നായ സിവിൽ സർവീസിനായി യുപിഎസി പുറത്തിറക്കിയ ചോദ്യപേപ്പറിലാണ് ഇത്തരം പിഴവുകൾ ഉണ്ടായിരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും അന്തിമ പരിശോധന നടത്തുന്നതിലും കേന്ദ്ര സർക്കാരും കമ്മീഷനും ആവശ്യമായ ജാഗ്രത പുലർത്തിയില്ലെന്ന വിമർശനമാണ് ഇതോടെ ഉയരുന്നത്.


പരീക്ഷാർഥികളുടെ മൂല്യനിർണയത്തെ നേരിട്ട് ബാധിക്കാവുന്ന തരത്തിലുള്ള ഭാഷാപിശകുകൾ ചോദ്യപേപ്പറിൽ ഉണ്ടാകുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന് വിദഗ്ധരും വിദ്യാർത്ഥികളും ആശങ്ക പ്രകടിപ്പിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home