ad
Deshabhimani

എസ്ഐആർ മൂന്നാം ഘട്ടത്തിൽ പുറത്താക്കപ്പെട്ടത് ആറ് കോടിയിലേറെ വോട്ടർമാർ; വ്യാപക പ്രതിഷേധം

sir
വെബ് ഡെസ്ക്

Published on Sep 03, 2026, 01:23 PM | 2 min read

ന്യൂഡൽഹി: വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യുടെ മറവിൽ കോടിക്കണക്കിനാളുകളെ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി വെട്ടിമാറ്റുകയാണ് ബിജെപി സർക്കാർ. ന്യൂനപക്ഷ വോട്ടർമാരെ പട്ടികയിൽ നിന്ന്‌ കൂട്ടത്തോടെ പുറത്താക്കാൻ എസ്ഐആർ ആയുധമാക്കുകയാണ് കേന്ദ്രം. എസ്‌ഐആർ മൂന്നാം ഘട്ടത്തിൽ പ്രസിദ്ധീകരിച്ച കരട് പട്ടിക പ്രകാരം 6 കോടിയിലധികം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് വെട്ടി മാറ്റിയത്. എസ്‌ഐആറിലൂടെ കോടിക്കണക്കിനാളുകളുടെ വോട്ടവകാശം ഇല്ലാതാക്കിയതിൽ വിവിധ നഗരങ്ങളിൽ പ്രതിഷേധം കടുക്കുകയാണ്.


നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമായി രണ്ടരക്കോടിയോളം വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കി. ഇതിന് പുറമെ മഹാരാഷ്ട്രയില്‍ മാത്രം 2.068 കോടി വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.


മൂന്നാം ഘട്ടത്തിൽ 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടക്കുന്നത്. നാഗാലാൻഡും ത്രിപുരയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കരട് പട്ടിക പ്രസിദ്ധീകരിച്ചു. നാ​ഗാലാൻഡിലേത് ഈ മാസം 20നും ത്രിപുരയിലേത് ഒക്ടോബർ 21നും പുറത്തിറങ്ങും. ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കരട് പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. ഇതുവരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 6.15 കോടിയാളുകളെയാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയത്. ആകെ വോട്ടർമാരുടെ 17 ശതമാനമാളുകളാണ് കരട് പട്ടികയിൽ ഒഴിവാക്കപ്പെട്ടത്.


ആശങ്കപ്പെടുത്തുന്ന കണക്ക്


ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ​ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം ആദ്യ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുപിയിൽ 2.04 കോടി വോട്ടർമാർ പുറത്തായി. പഞ്ചാബിൽ 20.67 ലക്ഷം, ഉത്തരാഖണ്ഡിൽ‌ 8.26 ലക്ഷം, മണിപ്പൂരിൽ 1.58 ലക്ഷം, ​ഗോവയിൽ 1 ലക്ഷം എന്നിങ്ങനെയായി 2.35 കോടി ജനങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.


ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി ഭരണമാണ്. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കൊണ്ടിരുന്നതിനാൽ ഭരണം നിലനിർത്തുക ബിജെപിക്ക് ശ്രമകരമാണ്. അതിനാൽ ജനവിധിയെ അട്ടിമറിക്കാൻ എസ്ഐആർ ദുരുപയോ​ഗം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാണ്.


തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയില്‍ മഹാരാഷ്ട്രയില്‍ 2.68 കോടി വോട്ടര്‍മാരാണ് വെട്ടിമാറ്റപ്പെട്ടത്. അതായത് വോട്ടര്‍പട്ടികയുടെ 21.14%. മുംബൈയില്‍ 1.39 കോടി വോട്ടര്‍മാരില്‍ 36.1 ലക്ഷവും (34.75%) താനെയില്‍ 74.5 ലക്ഷം വോട്ടര്‍മാരില്‍ 28 ലക്ഷവും (38.37%) ഒഴിവാക്കപ്പെട്ടു.


ജാർഖണ്ഡിൽ ന്യൂനപക്ഷ വേട്ട


ജാർഖണ്ഡിൽ എസ്‌ഐആർ പ്രക്രിയയിലൂടെ തയ്യാറാക്കിയ കരടുപട്ടികയിൽ ഉൾപ്പെട്ട ന്യൂനപക്ഷ വോട്ടർമാരെ ഫോറം ഏഴ് ദുരുപയോഗം ചെയ്തുകൊണ്ട് കൂട്ടത്തോടെ ഒഴിവാക്കാനാണ് ബിജെപി സർക്കാർ ആസൂത്രിതനീക്കം നടത്തിയിരുന്നു. എന്നാൽ ബൂത്തുതല ഉദ്യോഗസ്ഥരുടെ (ബിഎൽഒ) ഇടപെടൽ മൂലം നീക്കം പാളി. ഗോഡ ജില്ലയിലെ മഹേഷ് ടിക്രി ഗ്രാമത്തിലെ ഒമ്പതാം നമ്പർ ബൂത്തിൽ മാത്രം ബിജെപി ബൂത്ത് ലെവൽ ഏജന്റായ (ബിഎൽഎ) സഞ്ജീവ് കുമാർ റോഷൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വോട്ടർമാരെ ഒഴിവാക്കാനായി 25 ഫോം ഏഴ് അപേക്ഷകളാണ് സമർപ്പിച്ചത്.


തലമുറകളായി ഗ്രാമത്തിൽ കഴിയുന്നവരും 2003ലെ എസ്‌ഐആർ പ്രക്രിയയിൽ പട്ടികയിൽ ഉൾപ്പെട്ടവരുമായ ഇവരെയാണ് ഒഴിവാക്കാൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം 2003ലെ പട്ടികയിൽ ഉള്ളവർ നിലവിലെ പട്ടികയിൽ ഉൾപ്പെടുന്നതിന് പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടതില്ലെന്നിരിക്കെയാണ് ഈ നീക്കം നടന്നത്. സമീപമുള്ള മറ്റു ബൂത്തുകളിലും സമാന രീതിയിൽ ബിജെപി പ്രവർത്തകർ ഫോം ഏഴ് വ്യാപകമായി സമർപ്പിച്ചിരുന്നു. പേരുകൾ നീക്കം ചെയ്യുന്നതിന് തക്കതായ കാരണങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാതെ വന്നതോടെ ബിഎൽഒമാർ എല്ലാ അപേക്ഷകളും തള്ളിക്കളയുകയായിരുന്നു






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home