സെല്ലുകളിൽ കയറിയും പടമെടുക്കാൻ ഓൺലൈൻ ചാനലുകൾ; തലസ്ഥാനത്ത് പൊലീസ് ഒത്താശയിൽ ലക്ഷങ്ങളുടെ 'കച്ചവടം'

കഴക്കൂട്ടം: തിരുവനന്തപുരത്ത് പൊലീസിന്റെ ഒത്താശയിൽ പ്രതികളുടെ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തി ഓൺലൈൻ ചാനലുകൾ തട്ടുന്നത് ലക്ഷങ്ങൾ. പോത്തൻകോട്, മംഗലപുരം, കഠിനംകുളം, മണ്ണന്തല, കഴക്കൂട്ടം, തുമ്പ, ശ്രീകാര്യം എന്നീ പൊലീസ് സ്റ്റേഷനുകളാണ് കോൺഗ്രസ് അനുഭാവികളായ ഇടനിലക്കാരുടെ പ്രധാനകേന്ദ്രങ്ങൾ.
സ്റ്റേഷൻ പരിധിയിൽ സംഭവങ്ങളുണ്ടായാൽ മിനിറ്റുകൾക്കകം പൊലീസുകാർ ഓൺലൈൻ സംഘങ്ങൾക്ക് വിവരം കൈമാറും. പ്രത്യേകിച്ച് സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതികളായവരുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരിൽനിന്ന് പണം ഈടാക്കും. ഓൺലൈൻ ചാനലുകൾ എന്ന പേരിൽ അനധികൃതമായി പ്രവർത്തിക്കുന്ന സംഘങ്ങൾ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്.
പ്രതികളെ പാർപ്പിക്കുന്ന സെല്ലിനുള്ളിൽവരെ കയറി ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചപ്പോൾ സംഘങ്ങളെ നിയന്ത്രിക്കണമെന്ന് പൊലീസ് മേധാവി നിർദേശം നൽകി. എന്നിട്ടും യാതൊരു മാറ്റവുമുണ്ടായില്ല.
ഒരു പ്രതിയെ അറസ്റ്റു ചെയ്താൽ ഉടൻതന്നെ ദൃശ്യങ്ങൾ പകർത്താൻ സംഘം സ്റ്റേഷനിലെത്തും. തുടർന്ന് ഇവരുടെ ആവശ്യാനുസരണം പ്രതികളെ വിലങ്ങണിയിച്ച് നടത്തിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പകർത്തും. പൊലീസ് ഉദ്യോഗസ്ഥർപോലും സംഘം ആവശ്യപ്പെടുന്ന രീതിയിൽ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതായാണ് ആരോപണം. പിന്നീട് ഈ ദൃശ്യങ്ങൾ വിവിധ ഓൺലൈൻ പേജുകൾക്ക് വിൽപ്പന നടത്തും.
മണ്ണ്, മണൽ, ക്വാറി, റിയൽ എസ്റ്റേറ്റ് മേഖലകളുമായി ബന്ധപ്പെട്ട മാഫിയ സംഘങ്ങളുടെ ഇടനിലക്കാരായി പ്രവർത്തിച്ച് പൊലീസ് ഉദ്യോഗസ്ഥരും ഓൺലൈൻ സംഘങ്ങളും പണം പങ്കിടുന്നതായും ആരോപണമുണ്ട്. മറ്റ് പ്രദേശങ്ങളിൽ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ ലഹരിക്കേസ് പ്രതികളെ കഴക്കൂട്ടത്തും സമീപപ്രദേശങ്ങളിലുമെത്തിച്ച് ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ സംഭവങ്ങളുണ്ടായി.
റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നിരവധി തവണ റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് ഓൺലൈൻ സംഘങ്ങൾ.









0 comments