ad
Deshabhimani

തുടർ പരാജയങ്ങൾ, ജിസാറ്റ് വിക്ഷേപണം ഐഎസ്ആർഒയ്ക്ക് നിർണായകം

GSLV-F17

ജിഎസ്എൽവി-എഫ്17 റോക്കറ്റ് | Photo Credit: X/ISRO

വെബ് ഡെസ്ക്

Published on Sep 03, 2026, 01:10 PM | 2 min read

ന്യൂഡൽഹി: സ്വകാര്യവൽക്കരണ നടപടികൾ വേ​ഗത്തിലായിരിക്കെ നിർണായക ദൗത്യവുമായി ഐഎസ്ആർഒ. ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്-1എ വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി-എഫ്17 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വെള്ളി പുലർച്ച 2.55ന് വിക്ഷേപിക്കും. തുടർച്ചയായ രണ്ട് പിഎസ്എൽവി പരാജയങ്ങൾക്ക് ശേഷമുള്ള ഈ ദൗത്യം നിർണായകമാണ്. നീണ്ട എട്ട് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്ആർഒ പുതിയ വിക്ഷേപണത്തിന് ഒരുങ്ങുന്നതും.


2021ൽ പരാജയപ്പെട്ട ജിസാറ്റ് 1 ന്റെ പിൻ​ഗാമിയാണ് ജിസാറ്റ് 1 എ. 2021 ആ​ഗസ്ത് 12ന് ജിഎസ്എൽവി- എഫ്10 റോക്കറ്റ് വഴി വിക്ഷേപിച്ച ജിസാറ്റ്-1 റോക്കറ്റിന്റെ ക്രയോജനിക് അപ്പർ സ്റ്റേജിലുണ്ടായ സാങ്കേതിക തകരാർ മൂലം പരാജയപ്പെടുകയായിരുന്നു. ലിക്വിഡ് ഹൈഡ്രജൻ ഇന്ധന ടാങ്കിലെ വെന്റ് ആൻഡ് റിലീഫ് വാൽവിലുണ്ടായ ചോർച്ചയാണ് കാരണം.


ജിസാറ്റ് 1 എ യുടെ പ്രത്യേകതകൾ


ഭൂമിയിലെ മാറ്റങ്ങൾ അതിവേ​ഗം നിരീക്ഷിക്കാൻ കഴിയുന്ന ഭൗമനിരീക്ഷണ ഉപ​ഗ്രഹമാണ് ജിസാറ്റ് 1 എ അഥവാ ഇഒഎസ് 5. ഏകദേശം 2,367 കിലോ​ഗ്രാം ഭാരമുള്ള ജിസാറ്റ് 1 എ 36,000 കിലോമീറ്ററിന് മുകളിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലാണ് എത്തിക്കുന്നത്. ആദ്യം താൽകാലിക ഭ്രമണപഥത്തിലും പിന്നീട് പടിപടിയായി സ്ഥിരം ഭ്രമണപഥത്തിലേക്കും ഉയർത്തും.


സാധാരണ ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ ഭൂമിയെ വലംവെക്കുമ്പോൾ നിശ്ചിത സമയത്ത് മാത്രമേ ഒരു പ്രദേശത്തിന്റെ ചിത്രം മാത്രമാണ് എടുക്കുന്നത്. എന്നാൽ ജിസാറ്റ്-1എ ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്നതിനാൽ ചെയ്യുന്നതിനാൽ ഇന്ത്യയെയും സമീപ പ്രദേശങ്ങളെയും ഒരേ സ്ഥാനത്ത് നിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. വിശാലമായ ഭൂപ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ ഓരോ 30 മിനിറ്റിലും പകർത്താൻ ഉപ​ഗ്രഹത്തിനാകും. കൂടാതെ അതിർത്തി ഉൾപ്പെടെയുള്ള പ്രത്യേക നിരീക്ഷണം ആവശ്യമുള്ളയിടങ്ങളിൽ അഞ്ച് മിനിറ്റ് ഇടവേളയിലും ചിത്രമെടുക്കാനാകും.


ചുഴലിക്കാറ്റ്, മേഘവിസ്‌ഫോടനം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാനും, ദുരന്ത സമയത്ത് വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇതിലെ വിവരങ്ങൾ ഏറെ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. കാർഷിക-പരിസ്ഥിതി നിരീക്ഷണത്തിനും ഉപ​ഗ്രഹം സഹായിക്കും. വിളകളുടെ വളർച്ചാ പുരോഗതി, വരൾച്ചാ ബാധിത പ്രദേശങ്ങൾ, ജലലഭ്യത, വനനശീകരണം, സമുദ്രത്തിലെ മാറ്റങ്ങൾ എന്നിവ കൃത്യമായി വിലയിരുത്താൻ സഹായകമാണ്.


അതിർത്തി മേഖലകളിലെയും സമുദ്ര മേഖലകളിലെയും തത്സമയ ചലനങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നതിനാൽ ഇതൊരു സിവിലിയൻ-സ്ട്രാറ്റജിക് ഉപഗ്രഹമായും കണക്കാക്കപ്പെടുന്നു. അത്യാധുനിക മൾട്ടിസ്പെക്ട്രൽ, ഹൈപ്പർസ്പെക്ട്രൽ സെൻസറുകളും 700 എം എം റിറ്റ്ചി-ക്രെറ്റിയൻ ടെലിസ്‌കോപ്പും ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home