തൃഷയും അപർണയും ഒറ്റ ഫ്രെയിമിൽ; സിനിമയുടെ ചിത്രീകരണം ലണ്ടനിൽ തുടങ്ങി

ചെന്നൈ: തൃഷയും അപർണാ ബാലമുരളിയും ഒരുമിച്ച് സിനിമയെത്തുന്നു. മലയാളിയായ നിർമാതാവും ബോളിവുഡ് സംവിധായകനുമായ രാജ കൃഷ്ണ മേനോന്റെ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. രാജ കൃഷ്ണ മേനോന്റെ തമിഴ് സിനിമയിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ലോക്കോമോട്ടീവ് ഗ്ലോബലുമായി സഹകരിച്ച് പനോരമ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ പുരോഗമിക്കുകയാണ്. പൂർണ്ണമായും സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള കഥയാണ് ചിത്രത്തിന്റേതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

സൈക്കോളജിക്കൽ ഹൊറർ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ തൃഷയ്ക്കും അപർണയ്ക്കുമൊപ്പം രാധിക ശരത് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ മറ്റ് കഥാപാത്രങ്ങൾ, റിലീസ് തിയതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അപർണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത 'രായൻ' ആണ്. മലയാളത്തിൽ വർഷ വാസുദേവ് സംവിധാനം ചെയ്ത 'ചിന്ന ചിന്ന ആസൈ' ആണ് ഒടുവിൽ തിയറ്ററിലെത്തിയത്. ആർ ജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' ആണ് തൃഷയുടേതായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം.










0 comments